ലോക ചാമ്പ്യന്മാര്‍ ഫൈനലില്‍!!! ആദ്യ മൂന്ന് മത്സരങ്ങള്‍ തോറ്റ് തുടങ്ങിയ ഇംഗ്ലണ്ട് ഫൈനലില്‍ നേരിടുക ഓസ്ട്രേലിയയെ

ഓസ്ട്രേലിയ, വെസ്റ്റിന്‍ഡീസ്, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരെ തോൽവിയോടെ വനിത ഏകദിന ലോകകപ്പ് തുടങ്ങിയ ഇംഗ്ലണ്ട് ടൂര്‍ണ്ണമെന്റിന്റെ ഒരു ഘട്ടത്തിൽ സെമി ഫൈനൽ തന്നെ കാണില്ലെന്ന് ആണ് ഏവരും കരുതിയതെങ്കിലും പിന്നീട് തുടരെ നാല് വിജയങ്ങളുമായി നിലവിലെ ലോക ചാമ്പ്യന്മാര്‍ സെമിയും ഇന്ന് സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 137 റൺസിന് പരാജയപ്പെടുത്തി ഫൈനലും ഉറപ്പാക്കുകയായിരുന്നു.

ബാറ്റിംഗിൽ ആദ്യം ഇറങ്ങിയ ഇംഗ്ലണ്ട് 293/8 എന്ന സ്കോര്‍ നേടിയ ശേഷം എതിരാളികളെ 156 റൺസിന് ഓള്‍ഔട്ട് ആക്കിയാണ് മികച്ച വിജയം നേടിയത്.

129 റൺസ് നേടിയ ഡാനിയേൽ വയട്ടും 60 റൺസ് നേടിയ സോഫിയ ഡങ്ക്ലിയും ആണ് ഇംഗ്ലണ്ടിനായി സെമിയിൽ തിളങ്ങിയത്. ഷബ്നിം ഇസ്മൈൽ മൂന്നും മരിസാന്നേ കാപ്പ്, മസബാട്ട ക്ലാസ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും ദക്ഷിണാഫ്രിക്കയ്ക്കായി നേടി.

30 റൺസ് നേടി മിഗ്നൺ ഡു പ്രീസ് ഒഴികെ മറ്റു താരങ്ങള്‍ക്കാര്‍ക്കും കാര്യമായ സംഭാവന ദക്ഷിണാഫഅ്രിക്കയ്ക്കായി നേടാനായില്ല. 6 വിക്കറ്റ് നേടിയ സോഫി എക്ലെസ്റ്റോൺ ആണ് ഇംഗ്ലണ്ടിന്റെ ബൗളിംഗിലെ വിജയ ശില്പി.