ന്യൂസിലാണ്ട് വനിത ക്രിക്കറ്റ് ടീമിനു പുതിയ ക്യാപ്റ്റന്‍. ടീമിന്റെ ക്യാപ്റ്റന്‍ സൂസി ബെയ്റ്റ്സ് സ്ഥാനം ഒഴിഞ്ഞതിനെത്തുടര്‍ന്ന് ആമി സാറ്റെര്‍ത്‍വൈറ്റിനെ ന്യൂസിലാണ്ടിന്റെ പുതിയ ക്യാപ്റ്റനായി നിയമിക്കുകയായിരുന്നു. 6 വര്‍ഷത്തിനു മേലെ ടീമിനെ നയിച്ച താരമാണ് സൂസി. 76 ഏകദിനങ്ങളിലും 64 ടി20 മത്സരങ്ങളിലും സൂസി ന്യൂസിലാണ്ടിനെ നയിച്ചു. 2011ലായിരുന്നു താരം ക്യാപ്റ്റനായി നിയമിക്കപ്പെട്ടത്.
കഴിഞ്ഞ ഒരു വര്‍ഷമായി ടീമിന്റെ പ്രകടനത്തില്‍ ചെറിയ ഇടിവ് സംഭവിച്ചതിനെത്തുടര്‍ന്നാണ് സൂസിയുടെ ഈ തീരുമാനം. കഴിഞ്ഞ 12 മാസത്തില്‍ തനിക്ക് ക്യാപ്റ്റനസിയും തന്റെ വ്യക്തിഗത പ്രകടനവും ഒരു പോലെ മുന്നോട്ട് കൊണ്ടുപോകുവാന്‍ സാധിച്ചില്ല. ടീമെന്ന നിലയില്‍ ചില ഘട്ടത്തില്‍ ന്യൂസിലാണ്ട് പിന്നോട് പോയി. അത് തന്റെ പ്രകടനത്തെയും ബാധിച്ചുവെന്ന് പറഞ്ഞ സൂസി ക്യാപ്റ്റന്‍സി വിട വാങ്ങുന്നതാണ് നല്ലതെന്ന തീരുമാനമാണ് അനുയോജ്യം എന്നും പറഞ്ഞു.
113 ഏകദിനങ്ങളും 89 ടി20 മത്സരങ്ങളും കളിച്ച അന്താരാഷ്ട്ര അരങ്ങേറ്റം 2007ല്‍ കുറിച്ച ആമി സാറ്റെര്‍ത്‍വൈറ്റിനു മികച്ച രീതിയില്‍ ന്യൂസിലാണ്ടിനെ നയിക്കാനാവുമെന്നും സൂസി പറഞ്ഞു. സെപ്റ്റംബര്‍ 29നു ന്യൂസിലാണ്ടിന്റെ ഓസ്ട്രേലിയന്‍ പര്യടനമാണ് ആമിയുടെ ആദ്യ ദൗത്യം. മൂന്ന് ടി20 മത്സരങ്ങള്‍ക്ക് ശേഷം കരീബിയന്‍ ദ്വീപുകളിലെ ടി20 ലോകകപ്പാവും അടുത്ത പ്രധാന ദൗത്യം.