ജാര്‍ഖണ്ഡിനെ വീഴ്ത്തി കേരള വനിതകള്‍ക്ക് രണ്ടാം ജയം

വനിതകളുടെ സീനിയര്‍ ഏകദിന ട്രോഫിയിൽ കേരളത്തിന് 7 വിക്കറ്റ് വിജയം. ഇന്ന് ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത കേരളം ജാര്‍ഖണ്ഡിനെ 98 റൺസിന് ഓള്‍ഔട്ട് ആക്കിയ ശേഷം ലക്ഷ്യം 26.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു.

ജാര്‍ഖണ്ഡ് നിരയിൽ സോണിയ 32 റൺസ് നേടിയപ്പോള്‍ കേരളത്തിനായി മിന്നു മണി നാലും കീര്‍ത്തി ജെയിംസ് മൂന്ന് വിക്കറ്റും നേടി. ദര്‍ശന മോഹനന് രണ്ട് വിക്കറ്റ് ലഭിച്ചു.

ദൃശ്യ ഐവി(33*), മിന്നു മണി(31*), ജിന്‍സി ജോര്‍ജ്ജ്(24) എന്നിവരാണ് കേരളത്തിനായി ബാറ്റിംഗിൽ തിളങ്ങിയത്. ജാര്‍ഖണ്ഡിനായി ആര്‍തി രണ്ട് വിക്കറ്റ് നേടി.

നേരത്തെ ആദ്യ മത്സരത്തിൽ ആസാമിനെ പരാജയപ്പെടുത്തിയ കേരളത്തിന് രണ്ടാം മത്സരത്തിൽ ഡൽഹിയോട് 8 റൺസിന്റെ തോല്‍വി വഴങ്ങേണ്ടി വരികയായിരുന്നു.