മഴ മൂലം 17 ഓവറായി വെട്ടിച്ചുരുക്കിയ മത്സരത്തിൽ സൗത്ത് ആഫ്രിക്ക വനിതാ ടീമിനെതിരെ ഇന്ത്യക്ക് 51 റൺസ് ജയം. ജയത്തോടെ പരമ്പരയിൽ 2-0ന്റെ ലീഡ് നേടാനും ഇന്ത്യക്കായി. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ഇത് മൂന്നാമത്തെ മത്സരമായിരുന്നു.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 140 റൺസാണ് എടുത്തത്. 33 പന്തിൽ 46 റൺസ് എടുത്ത ഷഫാലി വർമ്മയും 22 പന്തിൽ 33 റൺസ് എടുത്ത ജെമിയ റോഡ്രിഗസുമാണ് ഇന്ത്യയുടെ സ്കോർ ഉയർത്തിയത്. അവസാന ഓവറുകളിൽ 9 പന്തിൽ 16 റൺസ് എടുത്ത ക്യാപ്റ്റൻ ഹർമൻപ്രീത് കാറും 16 പന്തിൽ 20 റൺസ് എടുത്ത ദീപ്തി ശർമയും ഇന്ത്യയുടെ സ്കോർ 140ൽ എത്തിക്കുകയായിരുന്നു.
തുടർന്ന് 141 റൺസ് ലക്ഷ്യം വെച്ച് ബാറ്റിങ്ങിന് ഇറങ്ങിയ സൗത്ത് ആഫ്രിക്ക പൂനം യാദവിന്റെ ബൗളിങ്ങിന് മുൻപിൽ തകരുകയായിരുന്നു.ഇന്നിംഗ്സ് അവസാനിക്കുമ്പോൾ സൗത്ത് ആഫ്രിക്ക 7 വിക്കറ്റ് നഷ്ടത്തിൽ 89 റൺസാണ് എടുത്തത്. സൗത്ത് ആഫ്രിക്ക നിരയിൽ 20 റൺസ് എടുത്ത ടാസ്മിൻ ബ്രിട്സിനും 23 റൺസ് എടുത്ത ലോറ വോൾവാർഡത്തിനും മാത്രമാണ് രണ്ടക്കം കടക്കാനായത്. ഇന്ത്യക്ക് വേണ്ടി പൂനം യാദവ് 3 വിക്കറ്റും രാധ യാദവ് രണ്ടു വിക്കറ്റും ദീപ്തി ശർമ്മ ഒരു വിക്കറ്റും വീഴ്ത്തി.