ഒരു റൺസ് വിജയം, പാക്കിസ്ഥാനെ മറികടന്ന് ശ്രീലങ്ക ഏഷ്യ കപ്പ് ഫൈനലില്‍

ഏഷ്യ കപ്പ് ഫൈനലില്‍ ഇന്ത്യയ്ക്ക് എതിരാളികളായി എത്തുക ശ്രീലങ്ക. ഇന്ന് പാക്കിസ്ഥാനെതിരെ ആദ്യം ബാറ്റ് ചെയ്ത് 122 റൺസേ ടീം നേടിയുള്ളുവെങ്കിലും മറുപടി ബാറ്റിംഗിൽ പാക്കിസ്ഥാനെതിരെ ഒരു റൺസ് വിജയം ആണ് ശ്രീലങ്ക നേടിയത്.

42 റൺസ് നേടിയ ബിസ്മ മാറൂഫിനും 26 റൺസ് നേടിയ നിദ ദാറിനും റൺസ് കണ്ടെത്താനായെങ്കിലും സ്ട്രൈക്ക് റേറ്റ് നൂറിനടുത്ത് വേണ്ടി വന്നത് പാക്കിസ്ഥാന് തിരിച്ചടിയായി. 6 വിക്കറ്റ് നഷ്ടത്തിൽ 121 റൺസാണ് ശ്രീലങ്ക നേടിയത്. അവസാന ഓവറിൽ 9 റൺസായിരുന്നു പാക്കിസ്ഥാന്‍ നേടേണ്ടിയിരുന്നത്.

ലക്ഷ്യം അവസാന പന്തിൽ മൂന്നായി മാറിയപ്പോള്‍ നിദ ദാര്‍ അവസാന പന്തിൽ രണ്ടാം റൺ പൂര്‍ത്തിയാക്കുവാന്‍ ശ്രമിക്കുന്നതിനിടെ റണ്ണൗട്ട് ആയതാണ് പാക്കിസ്ഥാന് വിനയായത്. ഒരു ഫുള്‍ ടോസ് ബോള്‍ നിദ ക്യാച്ച് നൽകിയപ്പോള്‍ അത് ശ്രീലങ്ക കൈവിടുകയായിരുന്നു. ഒരു റൺസ് പൂര്‍ത്തിയാക്കിയ ശേഷം സമനിലയ്ക്കായുള്ള രണ്ടാം റൺ നേടുന്നതിനിടെ താരം റണ്ണൗട്ടായി.

ശ്രീലങ്കയ്ക്കായി ഇനോക രണവീര രണ്ട് വിക്കറ്റ് നേടി.