21 ഓവര്‍, 30 റണ്‍സ്, ഒച്ചിഴയും വേഗത്തില്‍ വിക്കറ്റ് നഷ്ടമില്ലാതെ വിന്‍ഡീസ്

ആന്റിഗ്വയിലെ വിന്‍ഡീസ്-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിവസം ഭേദപ്പെട്ട നിലയില്‍ വിന്‍ഡീസ്. 187 റണ്‍സിനു ഇംഗ്ലണ്ടിനെ പുറത്താക്കിയ ശേഷം വിന്‍ഡീസ് 30/0 എന്ന നിലയിലാണ് ഒന്നാം ദിവസം അവസാനിപ്പിച്ചത്. 21 ഓവറുകള്‍ നേരിട്ടുവെങ്കിലും ക്രെയിഗ് ബ്രാത്‍വൈറ്റും ജോണ്‍ കാംപെലും യാതൊരുവിധ ധൃതിയുമില്ലാതെയാണ് വിന്‍ഡീസ് ഇന്നിംഗ്സ് മുന്നോട്ട് നയിച്ചത്. ഇംഗ്ലണ്ട് ഓള്‍ഔട്ട് ആയ പിച്ചില്‍ വിക്കറ്റ് നഷ്ടപ്പെടാതെ ദിവസം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തില്‍ അവര്‍ വിജയിക്കുകയും ചെയ്തു. ബ്രാത്‍വൈറ്റ് 11 റണ്‍സും ജോണ്‍ കാംപെല്‍ 16 റണ്‍സും നേടിയാണ് ക്രീസില്‍ നില്‍ക്കുന്നത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനു വേണ്ടി 60 റണ്‍സുമായി മോയിന്‍ അലിയും 52 റണ്‍സുമായി ജോണി ബൈര്‍സ്റ്റോയും പൊരുതി നോക്കിയെങ്കിലും കെമര്‍ റോച്ചും ഷാനണ്‍ ഗബ്രിയേലും അടങ്ങുന്ന വിന്‍‍ഡീസ് പേസ് നിര ഇംഗ്ലണ്ടിന്റെ നടുവൊടിക്കുകയായിരുന്നു. ബെന്‍ ഫോക്സ് 35 റണ്‍സ് നേടി. കെമര്‍ റോച്ച് 4 വിക്കറ്റും ഷാനണ്‍ ഗബ്രിയേല്‍ മൂന്ന് വിക്കറ്റുമാണ് നേടിയത്.

ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ മറികടക്കുവാന്‍ 157 റണ്‍സ് കൂടി വിന്‍ഡീസ് നേടേണ്ടതുണ്ട്.

Previous articleആൻഡി കിംഗ്‌ ഇനി ലംപാർഡിന്റെ ഡർബിയിൽ
Next articleടിം കാഹിൽ ഇനി ജംഷദ്പൂരിന് ഈ സീസണിൽ കളിച്ചേക്കില്ല