ബാര്‍ബഡോസില്‍ വിന്‍ഡീസിനെ വിജയത്തില്‍ നിന്ന് ഇംഗ്ലണ്ടിനു തടയാനാകണമെങ്കില്‍ മഹാത്ഭുതങ്ങള്‍ സംഭവിക്കണം. 212 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ വിന്‍ഡീസ് രണ്ടാം ഇന്നിംഗ്സില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സാണ് നേടിയിട്ടുള്ളത്. മത്സരത്തില്‍ 339 റണ്‍സിന്റെ വലിയ ലീഡാണ് ആതിഥേയര്‍ നേടിയിരിക്കുന്നത്. തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് 289 റണ്‍സിനു അവസാനിപ്പിച്ച ശേഷം 80കളിലെ പേസ് നിരയെ അനുസ്മരിപ്പിക്കുന്ന പ്രകടനം വിന്‍ഡീസ് പുറത്തെടുത്തപ്പോള്‍ ഇംഗ്ലണ്ട് വെറും 77 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു.
കെമര്‍ റോച്ച് അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ ജേസണ്‍ ഹോള്‍ഡറും അല്‍സാരി ജോസഫും രണ്ട് വീതം വിക്കറ്റ് നേടി ഇംഗ്ലണ്ടിന്റെ നടുവൊടിച്ചു. 17 റണ്‍സ് നേടിയ കീറ്റണ്‍ ജെന്നിംഗ്സ് ടോപ് സ്കോറര്‍ ആയപ്പോള്‍ സാം കറന്‍(14), ആദില്‍ റഷീദ്(12), ജോണി ബൈര്‍സ്റ്റോ(12) എന്നിവരാണ് രണ്ടക്കം കടന്ന താരങ്ങള്‍.
വിന്‍ഡീസിന്റെ രണ്ടാം ഇന്നിംഗ്സിലും തുടക്കം മികച്ചതായിരുന്നു. പിന്നീട് പതിവു പോലെ തകര്‍ന്നടിഞ്ഞുവെങ്കിലും വലിയ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയത് ടീമിനു തുണയായി. ഒന്നാം വിക്കറ്റില്‍ 52 റണ്‍സ് കൂട്ടിചേര്‍ത്ത് ശേഷമാണ് ക്രെയിഗ് ബ്രാത്‍വൈറ്റ്(24)-ജോണ്‍ കാംപെല്‍(33) കൂട്ടുകെട്ട് പിരിഞ്ഞത്. മോയിന്‍ അലി മൂന്ന് വിക്കറ്റ് നേടി ഇംഗ്ലണ്ടിനു വേണ്ടി തിളങ്ങി. ഷിമ്രണ്‍ ഹെറ്റ്മ്യര്‍ 31 റണ്‍സ് നേടി പുറത്തായി.
രണ്ടാം ദിവസം അവസാനക്കുമ്പോള്‍ 36 ഓവറില്‍ 127 റണ്‍സ് എന്ന നിലയിലാണ് വിന്‍ഡീസ്. 27 റണ്‍സുമായി ഷെയിന്‍ ഡോവ്റിച്ചും 7 റണ്‍സ് നേടി ജേസണ്‍ ഹോള്‍ഡറുമാണ് ക്രീസില്‍ നില്‍ക്കുന്നത്.