ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ഓപണർ കെ.എൽ രാഹുലിന്റെ മോശം ഫോം ആശങ്ക ഉളവാക്കുന്നതാണെന്ന് സെലക്ഷൻ കമ്മിറ്റി ചെയർമാൻ എം.എസ്.കെ പ്രസാദ്. അതെ കൊണ്ട് തന്നെ ഓപ്പണിങ് സ്ഥാനത്തേക്ക് ഇന്ത്യയുടെ ഏകദിന ഓപ്പണർ രോഹിത് ശർമ്മയെ പരിഗണിക്കുമെന്നും പ്രസാദ് പറഞ്ഞു. കെ.എൽ രാഹുലിൽ ഉള്ള വിശ്വാസ്യത നഷ്ടപ്പെടുന്നു എന്ന തരത്തിലാണ് സെലക്ഷൻ കമ്മിറ്റി ചെയർമാൻ പ്രതികരിച്ചത്.
വെസ്റ്റിൻഡീസിനെതിരായ പരമ്പരയിൽ നാല് ഇന്നിങ്‌സുകൾ കളിച്ച കെ.എൽ രാഹുലിന് വെറും 101 റൺസ് മാത്രമാണ് നേടാനായത്. അതെ സമയം വെസ്റ്റിൻഡീസ് പരമ്പരയ്ക്കുള്ള ടീമിൽ ഇടം ലഭിച്ചിട്ടും രോഹിത് ശർമയ്ക്ക് ഒരു ടെസ്റ്റ് മത്സരത്തിൽ പോലും അവസരം ലഭിച്ചിരുന്നില്ല. ലോകകപ്പിൽ രോഹിത് ശർമ്മ മികച്ച പ്രകടനം പുറത്തെടുത്തിട്ടും അതിന് ശേഷം നടന്ന ടെസ്റ്റ് പരമ്പരയിൽ താരത്തിന് ഒരു അവസരം നൽകാൻ വിരാട് കോഹ്‌ലിയും രവി ശാസ്ത്രിയും തുനിഞ്ഞിരുന്നില്ല.
ഇന്ത്യക്ക് ഇനിയുള്ള അടുത്ത ടെസ്റ്റ് പരമ്പര സൗത്ത് ആഫ്രിക്കക്കെതിരെയുള്ളതാണ്. അതിനുള്ള ഇന്ത്യൻ ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഈ പരമ്പരയിൽ കെ.എൽ രാഹുലിന് പകരക്കാരനായി രോഹിത് ശർമയെ ഉൾപെടുത്തുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.