ഓസ്ട്രേലിയയ്ക്ക് വേണ്ടി വാര്‍ണര്‍ക്കൊപ്പം ആര് ഓപ്പണ്‍ ചെയ്യുമെന്നത് ഏറെ കാലമായി ടീം മാനേജ്മെന്റിനെയും സെലക്ടര്‍മാരെയും അലട്ടുന്ന പ്രശ്നമായിരുന്നു. ഇന്ത്യന്‍ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് വാര്‍ണര്‍ക്കൊപ്പം വില്‍ പുകോവസ്കിയാകുമോ അതോ ജോ ബേണ്‍സ് ആകുമോ ഓപ്പണ്‍ ചെയ്യുക എന്നതായിരുന്നു പ്രധാന ചോദ്യം. എന്നാല്‍ വാര്‍ണര്‍ പരിക്കേറ്റ് പുറത്താകുകയും വില്‍ പുകോവസ്കിയും കണ്‍കഷന്‍ ഭീഷണി കാരണം ആദ്യ രണ്ട് ടെസ്റ്റില്‍ നിന്ന് പുറത്ത് പോയതോടെ ജോ ബേണ്‍സും മാത്യു വെയിഡും ആണ് ഓപ്പണിംഗ് ദൗത്യം ഏറ്റെടുത്തത്.
മോശം ഫോം കാരണം ഓസ്ട്രേലിയ ജോ ബേണ്‍സിനെ ഡ്രോപ് ചെയ്യുകയും വാര്‍ണറും പുകോവസ്കിയും വീണ്ടും ടീമിലേക്ക് എത്തിയതോടെ ആരായിരിക്കും സിഡ്നിയില്‍ ഓസ്ട്രേലിയയ്ക്കായി വാര്‍ണര്‍ക്കൊപ്പം ഓപ്പണ്‍ ചെയ്യുക എന്ന ചോദ്യം വീണ്ടും ഉയര്‍ന്ന് വന്നിട്ടുണ്ട്.
മാത്യു വെയിഡിന് അവസരം നല്‍കണോ അതോ പുകോവസ്കിയ്ക്ക് അരങ്ങേറ്റം നല്‍കണോ എന്നത് സെലക്ടര്‍മാര്‍ ഉത്തരം നല്‍കേണ്ട ഒന്നാണന്നും താന്‍ ഉത്തരം പറയേണ്ട ഒരു ചോദ്യമല്ല അതെന്നും ഡേവിഡ് വാര്‍ണര്‍ വ്യക്തമാക്കി.
ട്രാവിസ് ഹെഡിന് പകരം മാത്യു വെയിഡിനെ മധ്യ നിരയില്‍ ഇറക്കിയ ശേഷം വില്‍ പുകോവസ്കിയ്ക്ക് ഓപ്പണറായി അവസരം നല്‍കുവാനും സാധ്യതയുണ്ടെന്നാണ് അറിയുന്നത്. ആര് തന്നെ ഓപ്പണ്‍ ചെയ്താലും ഇന്ത്യന്‍ ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കുക എന്നതായിരിക്കണം ഓസ്ട്രേലിയയുടെ തന്ത്രമെന്നും ഡേവിഡ് വാര്‍ണര്‍ സൂചിപ്പിച്ചു.