ട്രിനിഡാഡിലെ ആദ്യ ടി20 മത്സരത്തിൽ ഇന്ത്യക്ക് പരാജയം. 4 റൺസിന്റെ പരാജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. 150 എന്ന വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് തുടക്കം മുതൽ ചെറിയ ഇടവേളകളിൽ വിക്കറ്റ് പോയിക്കിണ്ടേയിരുന്നു. 20 ഓവറിൽ 145-9 എന്ന സ്കോറിലേ ഇന്ത്യ എത്തിയുള്ളൂ. 22 പന്തിൽ 39 റൺസ് എടുത്ത തിലക് വർമ്മ മാത്രമേ ഇന്ത്യൻ നിരയിൽ തിളങ്ങിയുള്ളൂ.
സൂര്യകുമാർ 21, ഹാർദ്ദിക് പാണ്ഡ്യ 19 എന്നിവർക്ക് നല്ല തുടക്കം കിട്ടിയെങ്കിലും അത് മുതലെടുക്കാൻ ആയില്ല. 12 റൺസ് എടുത്ത സഞ്ജു ആവട്ടെ റണ്ണൗട്ട് ആവുകയും ചെയ്തു. ഇഷൻ കിഷൻ (6), ഗിൽ (3) എന്നിവർ നിരാശപ്പെടുത്തി. വെസ്റ്റിൻഡീസിനായി ഷെപേർഡ്, ഹോൾദർ, മകോയ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വെസ്റ്റിന്‍ഡീസ് നേടിയത് 149 റൺസ് ആയിരുന്നു. റോവ്മന്‍ പവലിന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് അവസാന ഓവറുകളിൽ വെസ്റ്റിന്‍ഡീസ് ഇന്നിംഗ്സിന് വേഗത നൽകിയത്.
പവൽ 32 പന്തിൽ 48 റൺസ് നേടിയപ്പോള്‍ നിക്കോളസ് പൂരന്‍ 34 പന്തിൽ 41 റൺസ് നേടി പുറത്തായി. കൈൽ മയേഴ്സിനെയും ബ്രണ്ടന്‍ കിംഗിനെയും(28) ഒരേ ഓവറിൽ പുറത്താക്കി യൂസുവേന്ദ്ര ചഹാൽ വെസ്റ്റിന്‍ഡീസിനെ പ്രതിരോധത്തിലാക്കിയിരുന്നു. 30/2 എന്ന നിലയിലേക്ക് വീണ വെസ്റ്റിന്‍ഡീസിന് ജോൺസൺ ചാള്‍സിനെ നഷ്ടമാകുമ്പോള്‍ സ്കോര്‍ ബോര്‍ഡിൽ 58 റൺസായിരുന്നു.
പിന്നീട് പൂരനും പവലും ചേര്‍ന്ന് വെസ്റ്റിന്‍ഡീസിനെ മുന്നോട്ട് നയിച്ചുവെങ്കിലും സ്കോര്‍ 96ൽ നിൽക്കുമ്പോള്‍ പൂരനെ ഹാര്‍ദ്ദിക് പാണ്ഡ്യ പുറത്താക്കി. അവസാന അഞ്ചോവറിൽ വെസ്റ്റിന്‍ഡീസ് 42 റൺസാണ് നേടിയത്. ഇന്ത്യയ്ക്കായി ചഹാലും അര്‍ഷ്ദീപ് സിംഗും രണ്ട് വീതം വിക്കറ്റ് നേടി.