ദുലീപ് ട്രോഫി ജേതാക്കളായി വെസ്റ്റ് സോൺ, സൗത്ത് സോണിനെ തകര്‍ത്തത് 294 റൺസിന്

സൗത്ത് സോണിനെതിരെ 294 റൺസ് വിജയത്തോടെ ദുലീപ് ട്രോഫി കിരീടം സ്വന്തമാക്കി വെസ്റ്റ് സോൺ. 529 റൺസിന്റെ കൂറ്റന്‍ വിജയ ലക്ഷ്യം തേടിയിറങ്ങിയ സൗത്ത് സോണിന് രണ്ടാം ഇന്നിംഗ്സിൽ 234 റൺസ് മാത്രമേ നേടാനായുള്ളു.

ആദ്യ ഇന്നിംഗ്സിൽ വെസ്റ്റ് സോൺ വെറും 270 റൺസിന് പുറത്തായപ്പോള്‍ സൗത്ത് സോൺ 327 റൺസ് നേടി ലീഡ് കരസ്ഥമാക്കിയിരുന്നു. രണ്ടാം ഇന്നിംഗ്സിൽ യശസ്വി ജൈസ്വാളിന്റെ ഇരട്ട ശതകവും സര്‍ഫ്രാസ് ഖാന്റെ ശതകവും വെസ്റ്റ് സോണിനെ 585/4 എന്ന സ്കോറിലേക്ക് എത്തിച്ചു.

സൗത്ത് സോൺ നിരയിൽ രോഹന്‍ കുന്നുമ്മൽ 93 റൺസും രവി തേജ 53 റൺസും നേടിയതൊഴിച്ചാൽ മറ്റാര്‍ക്കും രണ്ടാം ഇന്നിംഗ്സിൽ തിളങ്ങാനായില്ല. ഷംസ് മുലാനി 4 വിക്കറ്റ് വീഴ്ത്തി വെസ്റ്റ് സോൺ ബൗളിംഗിൽ തിളങ്ങി.