ഗ്രെനഡയിൽ നടക്കുന്ന വെസ്റ്റ് ഇൻഡീസും ഓസ്‌ട്രേലിയയും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മത്സരം രണ്ടാം ദിവസവും ആവേശം നിറഞ്ഞതായിരുന്നു. രണ്ടാം ദിവസം കളി നിർത്തുമ്പോൾ ഓസ്‌ട്രേലിയക്ക് 12 റൺസിന് 2 വിക്കറ്റ് എന്ന നിലയിലാണ്. വെറും 45 റൺസിന്റെ ലീഡ് മാത്രമാണ് ഓസ്‌ട്രേലിയക്ക് ഇപ്പോളുള്ളത്.

ആദ്യ ഇന്നിംഗ്‌സിൽ 33 റൺസിന്റെ നേരിയ ലീഡ് നേടിയ ഓസ്‌ട്രേലിയക്ക് രണ്ടാം ഇന്നിംഗ്‌സിൽ തുടക്കത്തിൽ തന്നെ തിരിച്ചടി നേരിട്ടു. വെസ്റ്റ് ഇൻഡീസ് പേസർ ജയ്ഡൻ സീൽസ് അതിവേഗം രണ്ട് വിക്കറ്റുകൾ വീഴ്ത്തി. സാം കോൺസ്റ്റസിനെ ബൗൾഡാക്കുകയും, ഉസ്മാൻ ഖവാജയെ ലെഗ് ബിഫോർ വിക്കറ്റിൽ കുടുക്കുകയും ചെയ്തതോടെ ഓസ്‌ട്രേലിയയുടെ ടോപ് ഓർഡറിന്റെ ദൗർബല്യം ഒരിക്കൽ കൂടി പ്രകടമായി. കാമറൂൺ ഗ്രീനും നൈറ്റ് വാച്ച്മാൻ നഥാൻ ലിയോണും കൂടുതൽ നഷ്ടങ്ങളില്ലാതെ ദിവസം പൂർത്തിയാക്കി.
ബ്രാൻഡൻ കിംഗിന്റെ മികച്ച പ്രകടനത്തിന്റെ പിൻബലത്തിൽ വെസ്റ്റ് ഇൻഡീസ് ആദ്യ ഇന്നിംഗ്‌സിൽ 253 റൺസ് നേടി. ബാർബഡോസിലെ അരങ്ങേറ്റ ടെസ്റ്റിൽ മോശം പ്രകടനം കാഴ്ചവെച്ച കിംഗിന് ഇത് വളരെ പ്രധാനപ്പെട്ട ഒരു ഇന്നിംഗ്‌സായിരുന്നു. രാവിലെ 64 റൺസിന് 3 വിക്കറ്റ് എന്ന നിലയിൽ തകർന്നടിഞ്ഞതിന് ശേഷം, കിംഗ് നായകൻ റോസ്റ്റൺ ചേസിനും വിക്കറ്റ് കീപ്പർ ഷായി ഹോപ്പിനുമൊപ്പം ചേർന്ന് ഇന്നിംഗ്‌സ് കെട്ടിപ്പടുത്തു.
തന്റെ 100-ാം ടെസ്റ്റ് കളിച്ച ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റിന് നിരാശാജനകമായ അനുഭവമായിരുന്നു. രണ്ടാം ഓവറിൽ പൂജ്യത്തിന് പുറത്തായതോടെ ഈ പരമ്പരയിലെ അദ്ദേഹത്തിന്റെ മോശം ഫോം തുടർന്നു. ജോഷ് ഹാസിൽവുഡിന് ക്യാച്ച് നൽകിയാണ് ബ്രാത്ത്‌വെയ്റ്റ് പുറത്തായത്.
ആദ്യഘട്ടത്തിലെ തിരിച്ചടികൾക്കിടയിലും, കിംഗ്, ചേസ്, ഹോപ്പ് എന്നിവരുടെ കൂട്ടുകെട്ടുകൾ വെസ്റ്റ് ഇൻഡീസിനെ കരകയറ്റി. പിന്നീട് അൽസാരി ജോസഫും ഷമാർ ജോസഫും നൽകിയ സംഭാവനകൾ വെസ്റ്റ് ഇൻഡീസിനെ 250 റൺസ് കടത്തി.
ഓസ്‌ട്രേലിയൻ ബൗളർമാരിൽ നഥാൻ ലിയോൺ 3 വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചു. 75 റൺസ് വഴങ്ങിയാണ് ലിയോൺ 3 വിക്കറ്റുകൾ നേടിയത്. ഇതിൽ കിംഗിന്റെ പ്രധാനപ്പെട്ട വിക്കറ്റും ഉൾപ്പെടുന്നു.
വെസ്റ്റ് ഇൻഡീസ് വാലറ്റവും മികച്ച പ്രതിരോധം തീർത്തു. ആൻഡേഴ്സൺ ഫിലിപ്പും സീൽസും 40 മിനിറ്റിലധികം ഓസ്‌ട്രേലിയയെ വെള്ളം കുടിപ്പിച്ചു. ഒടുവിൽ പാർട്ട് ടൈം സ്പിന്നർ ട്രാവിസ് ഹെഡ് ഈ കൂട്ടുകെട്ട് പൊളിച്ചു.