മത്സരങ്ങൾ നിർത്തിയത് താരങ്ങൾക്ക് ഗുണം ചെയ്യുമെന്ന് രവി ശാസ്ത്രി

Photo : Twitter/@BCCI
- Advertisement -

കൊറോണ വൈറസ് ബാധ മൂലം ക്രിക്കറ്റ് മത്സരങ്ങൾ നിർത്തിയത് ഇന്ത്യൻ താരങ്ങൾക്ക് ഗുണം ചെയ്യുമെന്ന് ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. ദേശീയ അന്തർദേശീയ മത്സരങ്ങൾ നിർത്തിവെച്ചത് മോശം കാര്യമല്ലെന്നും അവസാന വർഷങ്ങളിൽ തുടർച്ചയായി ക്രിക്കറ്റ് മത്സരങ്ങൾ കളിച്ച ഇന്ത്യൻ താരങ്ങൾക്ക് അത് കുറച്ച് വിശ്രമം നൽകുമെന്നും രവി ശാസ്ത്രി പറഞ്ഞു.

ന്യൂസിലാൻഡ് പര്യടനത്തിന് ശേഷം ഇന്ത്യൻ താരങ്ങളിൽ ക്ഷീണവും പരിക്കും കാണാൻ തുടങ്ങിയിരുന്നു. കഴിഞ്ഞ 10 മാസങ്ങളിൽ ഇന്ത്യ ഒരുപാട് ക്രിക്കറ്റ് മത്സരങ്ങൾ കളിക്കുകയും ചെയ്തിരുന്നു. തന്നെപോലെയുള്ള പരിശീലകർക്ക് 10-11 ദിവസം മാത്രമാണ് കഴിഞ്ഞ ലോകകപ്പിന് ശേഷം വീട്ടിൽ ഇരിക്കാൻ കഴിഞ്ഞതെന്നും ശാസ്ത്രി പറഞ്ഞു. ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും കളിച്ച താരങ്ങൾ ഉണ്ടെന്നും അവർക്കുണ്ടാവുന്ന മാനസികവും ശാരീരികവുമായ ക്ഷീണം എല്ലാവര്ക്കും ഊഹിക്കാൻ പറ്റുന്നതാണെന്നും രവി ശാസ്ത്രി പറഞ്ഞു.

കൊറോണ വൈറസ് ബാധയെ തുടർന്ന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്പര ഉപേക്ഷിച്ചിരുന്നു. കൂടാതെ നാളെ തുടങ്ങേണ്ടിയിരുന്ന ഐ.പി.എൽ ഏപ്രിൽ 15ലേക്ക് മാറ്റുകയും ചെയ്തിരുന്നു.

Advertisement