ഐപിഎലില്‍ മികച്ച ഫോമിലായിരുന്നുവെങ്കിലും ഓസ്ട്രേലിയന്‍ മണ്ണിലെത്തിയ ജസ്പ്രീത് ബുംറയ്ക്ക് യാതൊരു വിധ പ്രഭാവവും മത്സരത്തില്‍ സൃഷ്ടിക്കുവാന്‍ ഇതുവരെ ആയിട്ടില്ല. ഇന്ത്യയുടെ ആദ്യത്തെ രണ്ട് ഏകദിനങ്ങളിലും വമ്പന്‍ തോല്‍വി ടീം ഏറ്റുവാങ്ങിയപ്പോള്‍ ബൗളിംഗില്‍ ജസ്പ്രീത് ബുംറയ്ക്ക് കാര്യമായി ഒന്നും ചെയ്യുവാനായിരുന്നില്ല.
ആദ്യ ഏകദിനത്തില്‍ ഒരു വിക്കറ്റ് താരം നേടിയത് 73 റണ്‍സ് വഴങ്ങിയായിരുന്നുവെങ്കില്‍ രണ്ടാം മത്സരത്തില്‍ 79 റണ്‍സാണ് ഒരു വിക്കറ്റ് നേടുവാന്‍ താരം വിട്ട് നല്‍കിയത്. രണ്ടാം മത്സരത്തില്‍ മികച്ച രീതിയില്‍ തന്റെ ആദ്യ സ്പെലില്‍ പന്തെറിഞ്ഞ ബുംറയെ പിന്നീട് ആരോണ്‍ ഫിഞ്ചും സ്റ്റീവന്‍ സ്മിത്തും ചേര്‍ന്ന് കടന്നാക്രമിക്കുകയായിരുന്നു.
താരത്തിന്റെ മൂല്യം എന്താണെന്ന് ടീമിന് അറിയാമെന്നും താരത്തിന് തന്നെ തന്റെ നിലവാരം ഉയര്‍ന്നതാണെന്ന ബോധ്യമുണ്ടെന്നും പറഞ്ഞ രാഹുല്‍ ബുംറ തന്റെ പ്രകടനത്തില്‍ അതൃപ്തനാകുന്നത് സ്വാഭാവികം മാത്രമാണെന്നും പറഞ്ഞു.
ന്യൂസിലാണ്ടിലെയും ഓസ്ട്രേലിയയിലെയും പിച്ചുകള്‍ ബാറ്റിംഗിന് ഇത്ര അനുകൂലമാണെന്നത് തന്നെ ചിലപ്പോള്‍ ലോകത്തിലെ മികച്ച ബൗളര്‍മാര്‍ക്കും വിക്കറ്റ് ലഭിയ്ക്കാതിരിക്കുവാന്‍ കാരണം ആകാറുണ്ടെന്നും അതില്‍ വല്യം അത്ഭുതമില്ലെന്നും രാഹുല്‍ വ്യക്തമാക്കി.