ലോകകപ്പ് ടീമിലേക്കുള്ള സ്ഥാനം വെസ്റ്റിന്‍ഡീസ്, ബംഗ്ലാദേശ് പരമ്പരകളിൽ തീരുമാനിക്കപ്പെടും

Sports Correspondent

വെസ്റ്റിന്‍ഡീസ്, ബംഗ്ലാദേശ് പര്യടനങ്ങളിലെ താരങ്ങളുടെ പ്രകടനം അവര്‍ക്ക് ടി20 ലോകകപ്പ് ടീമിലേക്കുള്ള സ്ഥാനം നേടിക്കൊടുക്കുവാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞ് ക്യാപ്റ്റന്‍ ആരോൺ ഫി‍ഞ്ച്. ഇത് മനസ്സില്‍ വെച്ച് മികച്ച പ്രകടനം താരങ്ങള്‍ പുറത്തെടുക്കുവാന്‍ ശ്രമിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും ആരോൺ ഫി‍ഞ്ച് വ്യക്തമാക്കി.

ബിഗ് ബാഷിലും ആഭ്യന്തര ക്രിക്കറ്റിലും തിളങ്ങിയ താരങ്ങള്‍ക്കാണ് ഈ പരമ്പരയിലേക്ക് സെലക്ഷന്‍ കിട്ടിയിരിക്കുന്നതെന്നതാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റിന്റെ പ്രത്യേകതയെന്നും ആരോൺ ഫി‍‍ഞ്ച് സൂചിപ്പിച്ചു.

ആറ് പുതിയ താരങ്ങളാണ് ഓസ്ട്രേലിയ വിന്‍ഡീസ് – ബംഗ്ലാദേശ് പരമ്പരയ്ക്കുള്ള ടീമിലുള്‍പ്പെടുത്തിയത്. ആഭ്യന്തര ക്രിക്കറ്റിലെ ഇവരുടെ മികവാര്‍ന്ന പ്രകടനമാണ് താരങ്ങള്‍ക്ക് ഈ അവസരം സാധ്യമാക്കിയത്.

വിന്‍ഡീസിലെയും ബംഗ്ലാദേശിലെയും സാഹചര്യങ്ങള്‍ ലോകകപ്പ് നടക്കാനിരിക്കുന്ന ഇന്ത്യയുടേതിന് സമാനമായിരിക്കുമെന്നും അതിനാൽ തന്നെ ഇവിടെ മികവ് പുലര്‍ത്തിയാൽ അത് താരങ്ങള്‍ക്ക് മികച്ച അവസരമാണ് സൃഷ്ടിക്കുന്നതെന്നും ഫിഞ്ച് പറ‍ഞ്ഞു.