വാങ്കഡേ സ്റ്റേഡിയം ക്വാറന്റീന്‍ സൗകര്യമാക്കി മാറ്റും

Sports Correspondent

മുംബൈ ക്രിക്കറ്റ് അസോസ്സിയേഷന് കീഴിലുള്ള വാങ്കഡേ സ്റ്റേഡിയം ക്വാറന്റീന്‍ സൗകര്യമാക്കി മാറ്റുവാന്‍ നിര്‍ദ്ദേശം. ഗ്രേറ്റര്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ നിര്‍ദ്ദേശം വന്നതിനാലാണ് ഇത്. ഇന്ത്യയില്‍ കോവിഡ് ഏറ്റവും അധികം ബാധിച്ചിരിക്കുന്നത് മഹാരാഷ്ട്രയിലെ മുംബൈയിലാണ്.

വാങ്കഡേ സ്റ്റേഡിയം മാത്രമല്ല സംസ്ഥാനത്തെ സ്ഥിതി ഗുരുതരമായതിനാല്‍ ക്ലബുകള്‍ , ഹോട്ടലുകള്‍ , ലോഡ്ജുകള്‍ , കല്യാണ ഹാളുകള്‍ എന്നിങ്ങനെ ഉപയോഗിക്കുവാനാകുന്ന എല്ലാ സൗകര്യങ്ങളും ഉടനടി വിട്ട് നല്‍കണമെന്നാണ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ നിര്‍ദ്ദേശം. ഈ പറഞ്ഞ സ്ഥലങ്ങളില്‍ ലക്ഷണങ്ങളില്ലാത്ത എന്നാല്‍ കോവിഡ് രോഗിയുമായി സമ്പര്‍ക്കമുള്ളവരെ മാറ്റി പാര്‍പ്പിക്കുന്നതിന് വേണ്ടിയുള്ള സൗകര്യം ഏര്‍പ്പെടുത്തുമെന്നാണ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ വ്യക്തമാക്കിയത്.

മേല്‍പ്പറഞ്ഞതിന് വിസമ്മതിക്കുന്ന വ്യക്തികള്‍ക്കെതിരെ ഐപിസി 188 വകുപ്പ് പ്രകാരം കേസ് എടുക്കുമെന്നും കോര്‍പ്പറേഷന്‍ അറിയിച്ചിട്ടുണ്ട്. മുംബൈയിലെ ധാരാവി ചേരിയില്‍ ആയിരക്കണക്കിന് ആളുകളാണ് കോവിഡ് ബാധിച്ച് കഴിയുന്നത്.

നേരത്തെ ഈഡന്‍ ഗാര്‍ഡന്‍സ് വിട്ട് നല്‍കുവാന്‍ ഒരുക്കമാണെന്ന് ബംഗാള്‍ ക്രിക്കറ്റ് അസോസ്സിയേഷന്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിനോട് പറഞ്ഞിരുന്നു.