“സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് വിരാട് കോഹ്‌ലിക്ക് മറികടക്കാൻ കഴിയും”

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ 100 ഇന്റർനാഷണൽ സെഞ്ചുറികളെന്ന റെക്കോർഡ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി മറികടക്കുമെന്ന് മുൻ ഓസ്‌ട്രേലിയൻ സ്പിന്നർ ബ്രാഡ് ഹോഗ്. നിലവിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ വിരാട് കോഹ്‌ലിക്ക് 70 സെഞ്ചുറികളാണ് ഉള്ളത്. ഏകദിനത്തിൽ 43 സെഞ്ചുറികളും ടെസ്റ്റിൽ 27 സെഞ്ചുറികളുമാണ് വിരാട് കോഹ്‌ലിയുടെ പേരിലുള്ളത്.

സച്ചിൻ ടെണ്ടുൽക്കർ കരിയർ തുടങ്ങിയ കാലത്തേക്കാൾ താരങ്ങളുടെ ഫിറ്റ്നസ് ലെവൽ വർദ്ധിച്ചിട്ടുണ്ടെന്നും നിലവിൽ താരങ്ങൾക്ക് മികച്ച ഫിറ്റ്നസ് ട്രെയ്‌നർമാരെ ലഭിക്കുന്നുണ്ടെന്നും ബ്രാഡ് ഹോഗ് പറഞ്ഞു. അത്കൊണ്ട് തന്നെ താരങ്ങൾക്ക് പരിക്ക് മൂലം കുറച്ചു മത്സരങ്ങൾ മാത്രമാണ് നഷ്ട്ടപെടുന്നതെന്നും കൂടുതൽ മത്സരങ്ങൾ കളിക്കാൻ താരങ്ങൾക്ക് കഴിയുന്നുണ്ടെന്നും ഹോഗ് പറഞ്ഞു.

നിലവിൽ ലോക ക്രിക്കറ്റിൽ ഏറ്റവും മികച്ച ബൗളിംഗ് നിര ഇന്ത്യയുടേത് ആണെന്നും ബ്രാഡ് ഹോഗ് പറഞ്ഞു. മറ്റുള്ള ഏതു ടീമിനെക്കാളും വേഗത്തിൽ വിക്കറ്റ് വീഴ്ത്താൻ ഇന്ത്യൻ ടീമിന് കഴിയുന്നുണ്ടെന്നും ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ എന്നീ മികച്ച ടീമുകൾക്കെതിരെ ഇന്ത്യ കളിച്ചിട്ടുണ്ടെന്നും ബ്രാഡ് ഹോഗ് പറഞ്ഞു.

Previous articleവീണ്ടും ക്യാപ്റ്റൻ റാമോസ്!! റയൽ മാഡ്രിഡ് കിരീടത്തിനടുത്ത്
Next articleമാൻസുകിച് ഖത്തർ വിട്ടു