മോശം ഫോമിലൂടെ കടന്നുപോവുന്ന മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്ക് പിന്തുണമായി ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. അന്താരാഷ്ട്ര ക്രിക്കറ്റിൽ വിരാട് കോഹ്‌ലിയുടെ പ്രകടനം നോക്കിയാൽ തന്നെ കോഹ്‌ലിയുടെ കഴിവ് മനസ്സിലാവുമെന്നും കഴിഞ്ഞ 12-13 വർഷമായി വിരാട് കോഹ്‌ലി മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നതെന്നും ഗാംഗുലി പറഞ്ഞു. 2019ലാണ് വിരാട് കോഹ്‌ലി അവസാനമായി ഒരു സെഞ്ച്വറി നേടിയത്.
കായിക രംഗത്ത് ഫോം ഇല്ലാതെ ആവുന്നത് സ്വാഭാവിക കാര്യമാണെന്നും സച്ചിൻ ടെണ്ടുൽകർക്കും രാഹുൽ ദ്രാവിഡിനും തനിക്കും ഇത് സംഭവിച്ചിട്ടുണ്ടെന്നും അത് തന്നെയാണ് വിരാട് കോഹ്‌ലിക്ക് സംഭവിച്ചതെന്നും സൗരവ് ഗാംഗുലി പറഞ്ഞു. ഇത് കായികമൽസരത്തിന്റെ ഭാഗമാണെന്നും വിരാട് കോഹ്‌ലി ഉടൻ തന്നെ ഫോമിലേക്ക് തിരിച്ചുവരുമെന്നാണ് താൻ കരുതുന്നതെന്നും ഗാംഗുലി പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിന മത്സരത്തിൽ പരിക്ക് മൂലം പുറത്തിരുന്ന വിരാട് കോഹ്‌ലി രണ്ടാം ഏകദിനത്തിലും കളിക്കുന്ന കാര്യം സംശയമാണ്.