ക്രിക്കറ്റിൽ നിന്ന് ധോണി വിരമിക്കുന്നത് താരത്തിന്റെ വ്യക്തിപരമായ കാര്യമാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. ധോണിയുടെ വിരമിക്കലിനെ പറ്റി അഭ്യൂഹങ്ങൾ പരക്കുന്നതിനിടെയാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി വിരമിക്കുന്നത് ധോണിയുടെ വ്യക്തിപരമായ അഭിപ്രായമാണെന്ന് പറഞ്ഞത്. ധോണിയുടെ വിരമിക്കൽ തീരുമാനത്തിൽ മറ്റൊരാളും അഭിപ്രായം പറയേണ്ടതില്ലെന്നും വിരാട് കോഹ്‌ലി പറഞ്ഞു.
അനുഭവ സമ്പത്ത് നിങ്ങൾ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണെന്നും ധോണിയെ പോലെ പല താരങ്ങളും പ്രായം വെറും നമ്പറുകൾ മാത്രമാണെന്ന് തെളിയിച്ചതാണെന്നും വിരാട് കോഹ്‌ലി പറഞ്ഞു. ധോണിയെ സംബന്ധിച്ചുള്ള മികച്ച കാര്യം ധോണി എല്ലാ സമയവും ഇന്ത്യൻ ക്രിക്കറ്റിനെ കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കാനെന്നതാണെന്നും കോഹ്‌ലി പറഞ്ഞു.
കഴിഞ്ഞ ദിവസം വിരാട് കോഹ്‌ലി ധോണിയുടെ കൂടെയുള്ള ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെ ധോണി ഉടൻ വിരമിക്കൽ പ്രഖ്യാപനം നടത്തുമെന്ന് ഊഹാപോഹങ്ങൾ പുറത്ത് വന്നിരുന്നു. എന്നാൽ അതിൽ കഴമ്പില്ലെന്ന് ധോണിയുടെ ഭാര്യയും വിരാട് കോഹ്‌ലിയും വ്യക്തമാക്കിയിരുന്നു. ലോകകപ്പിന് ശേഷം നടന്ന വെസ്റ്റിൻഡീസ് പര്യടനത്തിലും അടുത്ത ദിവസം തുടങ്ങാനിരിക്കുന്ന സൗത്ത് ആഫ്രിക്കയുടെ ഇന്ത്യൻ പര്യടനത്തിലും ധോണി ഇന്ത്യൻ ടീമിൽ നിന്ന് വിട്ടുനിന്നിരുന്നു.