യുവന്റസിനെ സമനിലയിൽ പിടിച്ച് ഫിയൊറെന്റീന

ഇറ്റാലിയൻ ലീഗിൽ യുവന്റസ് ആദ്യമായി പോയന്റ് നഷ്ടപ്പെടുത്തി. ഇന്ന് എവേ മത്സരത്തിൽ ഫിയൊറെന്റീനയെ നേരിട്ട യുവന്റസ് സമനില വഴങ്ങേണ്ടി വന്നു. കളി ഗോൾ രഹിതമായാണ് അവസാനിച്ചത്. സാരി പരിശീലകനായി ടച്ച് ലൈനിൽ എത്തിയ ആദ്യ മത്സരത്തിൽ ഗോൾ അവസരങ്ങൾ സൃഷ്ടിക്കാൻ ആവാതെ കഷ്ടപ്പെടുന്ന യുവന്റസിനെയാണ് കണ്ടത്.

ഡഗ്ലസ് കോസ്റ്റ, പ്യാനിച് എന്നിവർ ആദ്യ പകുതിയിൽ പരിക്കേറ്റ് പുറത്തു പോയതും യുവന്റസിന് ക്ഷീണമായി. ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കോ ഹിഗ്വയിനോ ഇന്ന് യുവന്റസിനെ രക്ഷിക്കാൻ ആയില്ല. ലീഗിലെ ആദ്യ രണ്ടു മത്സരങ്ങളും പരാജയപ്പെട്ടിരുന്ന ഫിയൊറെന്റീനയുടെ ആദ്യ പോയന്റാണ് ഇത്. ഇന്ന് ഫിയൊറെന്റീനയ്ക്ക് വേണ്ടി റിബറി തകർപ്പൻ പ്രകടനം തന്നെ കാഴ്ചവെച്ചിരുന്നു. വിജയിച്ചില്ല എങ്കിൽ താൽക്കാലികമായി യുവന്റസ് ഇറ്റാലിയൻ ലീഗിൽ ഒന്നാമത് നിൽക്കുകയാണ്.