ടെസ്റ്റ് റാങ്കിങ്ങിൽ സ്മിത്തിന് തൊട്ടുപിറകിൽ വിരാട് കോഹ്‌ലി

Photo:Twitter/@BCCI

ദക്ഷിണാഫ്രിക്കക്കെതിരെയുള്ള രണ്ടാം ടെസ്റ്റിലെ ഡബിൾ സെഞ്ചുറി നേട്ടത്തോടെ ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള സ്റ്റീവ് സ്മിത്തിന് തൊട്ടുപിറകിലെത്തി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. 936 പോയിന്റാണ് നിലവിൽ വിരാട് കോഹ്‍ലിക്ക് ഉള്ളത്. 937 പോയിന്റുമായി സ്റ്റീവ് സ്മിത്താണ് ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് ഉള്ളത്. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള രണ്ടാം ടെസ്റ്റിൽ വിരാട് കോഹ്‌ലി 254 റൺസ് എടുത്ത് പുറത്താവാതെ നിന്നിരുന്നു. റാഞ്ചിയിൽ നടക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരായ അവസാന ടെസ്റ്റിൽ ഒന്നാം സ്ഥാനം സ്റ്റീവ് സ്മിത്തിൽ നിന്ന് ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനുള്ള അവസരം വിരാട് കോഹ്‌ലിക്കുണ്ട്.

ഇന്ത്യൻ ഓപണർ മായങ്ക് അഗർവാൾ തന്റെ റാങ്കിങ്ങിൽ മുന്നേറ്റം നടത്തി. രണ്ടാം ടെസ്റ്റിൽ സെഞ്ചുറി നേടിയ താരം ടെസ്റ്റ് റാങ്കിങ്ങിൽ ആദ്യ 20ൽ ഇടം നേടിയിട്ടുണ്ട്. ടെസ്റ്റ് റാങ്കിങ്ങിൽ ചേതേശ്വർ പൂജാര നാലാം സ്ഥാനത്തും അജിങ്കെ രഹാനെ ഒൻപതാം സ്ഥാനവും നേടിയിട്ടുണ്ട്. ബൗളർമാരുടെ റാങ്കിങ്ങിൽ മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി അശ്വിൻ ഏഴാം സ്ഥത്ത് എത്തിയിട്ടുണ്ട്. പരിക്ക് മൂലം പരമ്പരയിൽ നിന്ന് വിട്ടുനിൽക്കുന്ന ബുംറ ഇപ്പോഴും മൂന്നാം സ്ഥാനത്ത് തന്നെയാണ്. ഓൾ റൗണ്ടർമാരുടെ പട്ടികയും ഇന്ത്യൻ താരങ്ങൾ ഇടം നേടിയിട്ടുണ്ട്. രവീന്ദ്ര ജഡേജ രണ്ടാം സ്ഥാനത്തും അശ്വിൻ അഞ്ചാം സ്ഥാനത്തുമുണ്ട്.