സൗത്ത് ആഫ്രിക്കക്കെതിരെയുള്ള രണ്ടാം ടി20 മത്സരത്തിനിടെ സൗത്ത് ആഫ്രിക്കൻ ബൗളറെ ഇടിച്ച ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് ഐ.സി.സിയുടെ ഡിമെറിറ്റ് പോയിന്റ്. ഇതോടൊപ്പം വിരാട് കോഹ്ലിക്ക് ശാസനയും ഐ.സി.സി. നൽകിയിട്ടുണ്ട്. ഐ.സി.സി ചുമത്തിയ കുറ്റം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.
സൗത്ത് ആഫ്രിക്കക്കെതിരെ ഇന്ത്യ ബാറ്റ് ചെയ്യുമ്പോൾ അഞ്ചാം ഓവറിൽ റൺസ് എടുക്കാൻ വിരാട് കോഹ്ലി ഓടുന്നതിനിടെ ക്രീസിൽ തന്നെ നിന്ന സൗത്ത് ആഫ്രിക്കൻ ബൗളർ ബ്യൂറൻ ഹെൻഡ്രിക്സിനെ ഷോൾഡർകൊണ്ട് കോഹ്ലി മനഃപൂർവം തട്ടുകയായിരുന്നു. ഐ.സി.സി. പെരുമാറ്റച്ചട്ടത്തിലെ 2.12 നിയമം തെറ്റിച്ചതായി കണക്കാക്കി കോഹ്ലിക്ക് ഡിമെറിറ്റ് പോയിന്റ് നൽകുകയായിരുന്നു.
നിലവിൽ വിരാട് കോഹ്ലിക്ക് മൂന്ന് ഡിമെറിറ്റ് പോയിന്റുകൾ നിലവിലുണ്ട്.കഴിഞ്ഞ വർഷം ജനുവരിയിൽ സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ടെസ്റ്റിലും അഫ്ഗാനിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിലുമാണ് കോഹ്ലിക്ക് ഡിമെറിറ്റ് പോയിന്റ് ലഭിച്ചത്. 24 മാസത്തിനിടെ നാല് ഡി മെറിറ്റ് പോയിന്റ് ലഭിച്ചാൽ അത് താരത്തിന് മത്സരത്തിൽ നിന്ന് വിലക്കുന്നതിന് കാരണമാവും. ഒരു ടെസ്റ്റ് മത്സരത്തിൽ നിന്നോ രണ്ട് ഏകദിനത്തിൽ നിന്നോ രണ്ട് ടി20യിൽ നിന്നോ താരത്തിന് വിലക്ക് വരും.