“വിരാട് കോഹ്‌ലി ഏറ്റവും മികച്ച ക്യാപ്റ്റൻ”

നിലവിൽ ലോക ക്രിക്കറ്റിൽ ഏറ്റവും മികച്ച ക്യാപ്റ്റൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയാണെന്ന് സ്പിൻ ബൗളർ ഷഹബാസ് നദീം. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള റാഞ്ചി ടെസ്റ്റിൽ ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം നടത്തിയ താരമാണ് ഷഹബാസ് നദീം. ടെസ്റ്റിൽ നാല് വിക്കറ്റും താരം വീഴ്ത്തിയിരുന്നു.

“നിലവിൽ ലോക ക്രിക്കറ്റിൽ ഉള്ളതിൽ വെച്ച് ഏറ്റവും മികച്ച ക്യാപ്റ്റനാണ് വിരാട് കോഹ്‌ലി. ക്യാപ്റ്റൻസിയിൽ വിരാട് കോഹ്‌ലി മറ്റുള്ളവർക്ക് മാതൃകയാണ്” നദീം പറഞ്ഞു. വിരാട് കോഹ്‌ലി ജന്മം കൊണ്ട് തന്നെ ഒരു ക്യാപ്റ്റൻ ആണെന്നും ഗ്രൗണ്ടിൽ മാത്രമല്ല ഡ്രസിങ് റൂമിൽ പോലും വിരാട് കോഹ്‌ലി ആവേശം നിലനിർത്തുന്നുണ്ടെന്നും നദീം പറഞ്ഞു.

ഗ്രൗണ്ടിൽ എല്ലാ ബൗളര്മാരെയും വിരാട് കോഹ്‌ലി സഹായിക്കുന്നുണ്ടെന്നും താരത്തിന്റെ ആക്രമണ സ്വാഭാവവും ബാറ്റിംഗ് പ്രകടനവും ഇന്ത്യൻ ക്രിക്കറ്റിനെ പുതിയ തലത്തിൽ എത്തിച്ചെന്നും നദീം പറഞ്ഞു. തന്നിൽ വിരാട് കോഹ്‌ലി അർപ്പിച്ച വിശ്വാസത്തിന് നദീം നന്ദി പറയുകയും ചെയ്തു. പരിക്കേറ്റ കുൽദീപ് യാദവിന് പകരക്കാരനായിട്ടാണ് അവസാന നിമിഷം ഷഹബാസ് നദീം ഇന്ത്യൻ ടീമിൽ ഇടം പിടിച്ചത്.