കര്‍ണ്ണാടകയ്ക്കെതിരെ ഇന്ന് നടന്ന വിജയ് ഹസാരെ ട്രോഫി മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കേരളത്തിന്റ 8 വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സ്. ഇന്നിംഗ്സിലെ ആദ്യ ഓവറുകളില്‍ തന്നെ റോബിന്‍ ഉത്തപ്പയെയും സഞ്ജുവിനെയും നഷ്ടമായ കേരളം 4/2 എന്ന നിലയിലേക്ക് വീഴുകയായിരുന്നു.
പിന്നീട് വത്സല്‍ ഗോവിന്ദും വിഷ്ണു വിനോദും ചേര്‍ന്ന് 56 റണ്‍സ് മൂന്നാം വിക്കറ്റില്‍ നേടിയെങ്കിലും 29 റണ്‍സ് നേടിയ വിഷ്ണു വിനോദിനെയും കേരളത്തിന് നഷ്ടമായി. അതിന് ശേഷം ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയ്ക്കൊപ്പം മികച്ചൊരു കൂട്ടുകെട്ട് നേടിയാണ് വത്സല്‍ ഗോവിന്ദ് കേരളത്തെ മുന്നോട്ട് നയിച്ചത്.
114 റണ്‍സ് കൂട്ടുകെട്ടിനെ അഭിമന്യു മിഥുന്‍ ആണ് തകര്‍ത്തത്. 63 റണ്‍സില്‍ നിന്ന് 54 റണ്‍സ് നേടിയ സച്ചിന്‍ ബേബിയുടെ വിക്കറ്റാണ് മിഥുന്‍ നേടിയത്. നേരത്തെ ഇന്നിംഗ്സിലെ ആദ്യ പന്തില്‍ റോബിന്‍ ഉത്തപ്പയെയും മിഥുന്‍ പുറത്താക്കിയിരുന്നു.
അഞ്ചാം വിക്കറ്റില്‍ 50 റണ്‍സ് നേടി വത്സല്‍ ഗോവിന്ദും മുഹമ്മദ് അസ്ഹറുദ്ദീനും ചേര്‍ന്ന് കേരളത്തെ വലിയ സ്കോറിലേക്ക് നയിക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് 95 റണ്‍സ് നേടിയ വത്സല്‍ ഗോവിന്ദിനെ കേരളത്തിന് നഷ്ടമായത്. അഭിമന്യു മിഥുനിനായിരുന്നു വത്സലിന്റെ വിക്കറ്റ്. 46ാം ഓവറില്‍ ജലജ് സക്സേനയെയും നിധീഷിനെയും പുറത്താക്കി അഭിമന്യു മിഥുന്‍ തന്റെ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുകയായിരുന്നു.
33 പന്തില്‍ നിന്ന് അര്‍ദ്ധ ശതകം നേടി മുഹമ്മദ് അസ്ഹറുദ്ദീനും കേരളത്തിന്റെ സ്കോര്‍ ഉയര്‍ത്തുവാന്‍ സഹായിച്ചു. 38 പന്തില്‍ നിന്ന് 2 ഫോറും 3 സിക്സും സഹിതം 59 റണ്‍സ് നേടി അസ്ഹര്‍ ആണ് കേരളത്തെ 277 റണ്‍സിലേക്ക് എത്തിച്ചത്.