ഒരു പോയിന്റ് ലഭിച്ചാൽ പ്ലേ ഓഫ് ഉറപ്പ്, നോർത്ത് ഈസ്റ്റ് ഇന്ന് കേരള ബ്ലാസ്റ്റേഴ്സിനെതിരെ

ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ഈ സീസണിലെ അവസാന മത്സരമാണ്. കാര്യമായ നല്ല ഓർമ്മകൾ ഒന്നും ഇല്ലാത്ത സീസൺ വിജയത്തോടെ അവസാനിപ്പിക്കാൻ ആകും കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കുക. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്നത്തെ എതിരാളികൾ‌. കേരള ബ്ലാസ്റ്റേഴ്സിന് ഇത് അത്ര പ്രാധാന്യമുള്ള മത്സരം അല്ലായെങ്കിലും നോർത്ത് ഈസ്റ്റിന് ഇത് ജീവന്മരണം പോരാട്ടമാണ്.

പ്ലേ ഓഫ് യോഗ്യത ഉറപ്പാക്കാൻ നോർത്ത് ഈസ്റ്റിന് ഇന്ന് ഒരു പോയിന്റ് മതി. ഇപ്പോൾ ലീഗിൽ നാലാം സ്ഥാനത്തുള്ള നോർത്ത് ഈസ്റ്റിന് 30 പോയിന്റാണ് ഉള്ളത്‌. അഞ്ചാമത് ഉള്ള ഹൈദരബാദിന് 28 പോയിന്റും മൂന്നാമതുള്ള ഗോവയ്ക്ക് 30 പോയിന്റുമാണ് ഉള്ളത്‌. ഗോവയും ഹൈദരബാദും ആണ് അടുത്ത മത്സരത്തിൽ ഏറ്റുമുട്ടേണ്ടത്. അതുകൊണ്ട് തന്നെ ഇന്ന് ഒരു സമനില ലഭിച്ചാൽ തന്നെ നോർത്ത് ഈസ്റ്റിന്റെ പ്ലേ ഓഫ് യോഗ്യത ഉറപ്പാകും.

ഖാലിദ് ജമീലിന്റെ കീഴിൽ അപരാജിത കുതിപ്പ് നടത്തുന്ന നോർത്ത് ഈസ്റ്റ് ഇന്ന് കേരള ബ്ലാസ്റ്റേഴ്സിനെതിരെ അവർ ആഗ്രഹിക്കുന്ന പോയിന്റ് നേടാൻ ആകും എന്ന് തന്നെയുള്ള പ്രതീക്ഷയിലാണ്‌. കേരള ബ്ലാസ്റ്റേഴ്സ് നിരയിൽ ഇന്ന് പരിക്ക് കാരണം സഹൽ ഉണ്ടാവില്ല. അവസാന മത്സരം ആയതു കൊണ്ട് പല മാറ്റങ്ങളും കേരള ബ്ലാസ്റ്റേഴ്സ് നടത്താൻ സാധ്യതയുണ്ട്‌. ഇന്ന് രാത്രി 7.30നാണ് മത്സരം.