മിന്നും ഫോം തുടര്‍ന്ന് പൃഥ്വി ഷായും ശ്രേയസ്സ് അയ്യരും, 400 റണ്‍സ് നേടി മുംബൈ

മുംബൈയെ മുന്നോട്ട് നയിച്ച് പൃഥ്വി ഷായുടെയും ശ്രേയസ്സ് അയ്യരുടെയും വെടിക്കെട്ട് ബാറ്റിംഗ്. റെയില്‍വേസിനെതിരെ വിജയ് ഹസാരെ ട്രോഫിയില്‍ തങ്ങളുടെ മൂന്നാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും 300നു മുകളിലുള്ള സ്കോര്‍ നേടുകയായിരുന്നു. അജിങ്ക്യ രഹാനെയെ വേഗത്തില്‍ നഷ്ടമായെങ്കിലും റെയില്‍സേവ് ബൗളര്‍മാരെ കശാപ്പ് ചെയ്ത പൃഥ്വി ഷായും ശ്രേയസ്സ് അയ്യരും ടീമിനെ കൂറ്റന്‍ സ്കോറിലേക്ക് നയിക്കുകയായിരുന്നു.

81 പന്തില്‍ നിന്ന് 129 റണ്‍സ് നേടിയ പൃഥ്വി പുറത്താകുമ്പോള്‍ രണ്ടാം വിക്കറ്റില്‍ മുംബൈ 161 റണ്‍സ് നേടിയിരുന്നു. 14 ബൗണ്ടറിയും 6 സിക്സുമാണ് താരം നേടിയത്. ശ്രേയസ്സ് അയ്യര്‍ 144 റണ്‍സ് നേടി. സൂര്യകുമാര്‍ യാദവ് അര്‍ദ്ധ ശതകം നേടി മികച്ച പിന്തുണയാണ് അയ്യര്‍ക്ക് നല്‍കിയത്. 67 റണ്‍സാണ് യാദവിന്റെ സംഭാവന. നിശ്ചിത 50 ഓവറില്‍ നിന്ന് 5 വിക്കറ്റ് നഷ്ടത്തില്‍ മുംബൈ 400 റണ്‍സാണ് മുംബൈ നേടിയത്. 10 സിക്സും 8 ബൗണ്ടറിയും നേടി അയ്യര്‍ 118 പന്തില്‍ നിന്നാണ് 144 റണ്‍സ് നേടിയത്. റെയില്‍വേസിനു വേണ്ടി അനുരീത് സിംഗ് മൂന്നും അമിത് മിശ്ര, പ്രശാന്ത് അവസ്ഥി എന്നിവര്‍ ഓരോ വിക്കറ്റും നേടി.

തങ്ങളുടെ രണ്ടാം മത്സരത്തില്‍ കര്‍ണ്ണാടകയെ 88 റണ്‍സിനു തകര്‍ത്തപ്പോള്‍ 53 പന്തില്‍ നിന്ന് 60 റണ്‍സാണ് പൃഥ്വി നേടിയത്. അന്ന് അജിങ്ക്യ രഹാനെ(148), ശ്രേയസ്സ് അയ്യര്‍(110) എന്നിവരുടെ ശതകത്തിന്റെ ബലത്തില്‍ മുംബൈ 362 റണ്‍സ് നേടിയ ശേഷം കര്‍ണ്ണാടകയെ 274 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു.

Exit mobile version