ശ്രീലങ്കക്കെതിരായ രണ്ടാം ടി20 ക്രിക്കറ്റിൽ ആദ്യ പന്തിൽ തന്നെ പുറത്തായതിന് പിന്നാലെ നാണക്കേടിന്റെ റെക്കോർഡ് നേടി പാകിസ്ഥാൻ താരം ഉമർ അക്മൽ. ശ്രീലങ്കക്കെതിരായ മത്സരത്തിൽ നേരിട്ട ആദ്യ പന്തിൽ നിന്ന് ഉമർ അക്മൽ പുറത്തായിരുന്നു. ഇതോടെ ടി20യിൽ ഏറ്റവും കൂടുതൽ തവണ ആദ്യ പന്തിൽ പുറത്താവുന്ന താരം എന്ന റെക്കോർഡ് ഉമർ അക്മലിന് ലഭിച്ചു. നേരത്തെ ശ്രീലങ്കക്കെതിരെ നടന്ന ആദ്യ ടി 20യിലും ഉമർ അക്മൽ പൂജ്യത്തിന് പുറത്തായിരുന്നു. മൂന്ന് വർഷത്തിന് ശേഷം പാകിസ്ഥാൻ ടീമിൽ എത്തിയ ഉമർ അക്മലിനു ഇത് മോശം തിരിച്ചുവരവായി.
ഇത് ആറാം തവണയാണ് ടി20യിൽ ഉമർ അക്മൽ ആദ്യ പന്തിൽ പുറത്താവുന്നത്. ഈ റെക്കോർഡിന് പുറമെ ടി20യിൽ ഏറ്റവും കൂടുതൽ റൺ ഒന്നും എടുക്കാതെ പുറത്താവുന്ന താരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തും ഉമർ അക്മൽ എത്തി. ടി20യിൽ ഉമർ അക്മലിന്റെ പത്താമത്തെ ഡക്ക് ആയിരുന്നു ഇന്നലെ പിറന്നത്. ഇതോടെ ടി20 10 തവണ പൂജ്യത്തിന് പുറത്തായ ശ്രീലങ്കൻ താരം തിലകരത്ന ദിൽഷന്റെ റെക്കോർഡിന് ഒപ്പമെത്തുകയും ചെയ്തു. ശ്രീലങ്കൻ യുവനിര ടി20 റാങ്കിങ്ങിൽ ഒന്നാമതുള്ള പാകിസ്താനെ തോൽപ്പിച്ച് പരമ്പര സ്വന്തമാക്കിയിരുന്നു.