യസ്‌തിക ഭാട്ടിയയ്ക്ക് പരിക്കേറ്റതിനെത്തുടർന്ന് ഉമാ ചേത്രിയെ ഇന്ത്യയുടെ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന, ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ് 2025 ടീമുകളിൽ ഉൾപ്പെടുത്തിയതായി ബിസിസിഐ വ്യാഴാഴ്ച സ്ഥിരീകരിച്ചു. വിശാഖപട്ടണത്ത് നടന്ന ടീമിന്റെ പരിശീലന ക്യാമ്പിനിടെയാണ് വിക്കറ്റ് കീപ്പർ ബാറ്ററായ ഭാട്ടിയയുടെ ഇടത് കാൽമുട്ടിന് പരിക്കേറ്റത്. ബിസിസിഐ മെഡിക്കൽ ടീമിന്റെ മേൽനോട്ടത്തിലായിരിക്കും ഭാട്ടിയ.
ആഭ്യന്തര ക്രിക്കറ്റിലും ഇന്ത്യ എ മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ച്ചവെച്ച ഉമാ ചേത്രി, ബാക്കപ്പ് വിക്കറ്റ് കീപ്പറായി നിർണായക സ്ഥാനത്തേക്കാണ് എത്തുന്നത്. ഹർമൻപ്രീത് കൗർ നയിക്കുന്ന ഇന്ത്യൻ ടീമിനൊപ്പം ലോകകപ്പിൽ ചേത്രിയും ഭാഗമാകും. ലോകകപ്പിനായുള്ള സന്നാഹ മത്സരങ്ങൾക്ക് മുന്നോടിയായി ഇന്ത്യ എ ടീമിലും സെലക്ടർമാർ ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.