മത്സരത്തിനിടെ വാതുവെപ്പ് നടത്തിയതിന്റെ പേരിൽ യു.എ.ഇ ക്രിക്കറ്റ് ടീമിലെ രണ്ടു പേരെ ഐ.സി.സി വിലക്കി. യു.എ.ഇ താരങ്ങളായ അമീർ ഹയതിനെയും അഷ്ഫാഖ് അഹമ്മദിനെയുമാണ് ഐ.സി.സി വിലക്കിയത്. യു.എ.ഇക്ക് വേണ്ടി അമീർ ഹയത് 9 ഏകദിന മത്സരങ്ങളും 4 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. 16 ഏകദിന മത്സരങ്ങളും 12 ടി20 മത്സരങ്ങളും യു.എ.ഇക്ക് വേണ്ടി കളിച്ച താരമാണ് അഷ്ഫാഖ് അഹമ്മദ്.
മത്സരഫലം സ്വാധീനിക്കാൻ വേണ്ടി പണം വാങ്ങിയെന്ന കുറ്റമാണ് ഐ.സി.സി രണ്ടു താരങ്ങൾക്കെതിരെയും ആരോപിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ നടന്ന പുരുഷന്മാരുടെ ടി20 ലോകകപ്പ് യോഗ്യത മത്സരത്തിനിടെയാണ് താരങ്ങൾ വാതുവെപ്പിന് കൂട്ടുനിന്നത്. എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് ലോകകപ്പ് യോഗ്യത മത്സരങ്ങൾ നടക്കുന്ന സമയത്ത് തന്നെ താരങ്ങളെ വിലക്കിയിരുന്നു. താരങ്ങൾക്ക് ഈ വിഷയത്തിൽ ഐ.സി.സിയോട് പ്രതികരണമറിയിക്കാൻ 14 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.