കെനിയയ്ക്കെതിരെ 169 റണ്‍സ് വിജയവുമായി ദക്ഷിണാഫ്രിക്ക

തങ്ങളുടെ ലോകകപ്പ് മത്സരങ്ങള്‍ക്ക് കൂറ്റന്‍ വിജയത്തുടക്കവുമായി ദക്ഷിണാഫ്രിക്ക. ഇന്ന് നടന്ന മത്സരത്തില്‍ കെനിയയെയാണ് 169 റണ്‍സിനു ദക്ഷിണാഫ്രിക്ക തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറില്‍ 7 വിക്കറ്റുകളുടെ നഷ്ടത്തില്‍ 341 റണ്‍സ് നേടിയപ്പോള്‍ കെനിയയ്ക്ക് 172 റണ്‍സ് മാത്രമേ നേടാനായുള്ളു. 7 വിക്കറ്റുകളുടെ നഷ്ടത്തിലാണ് കെനിയ ഈ റണ്‍സ് നേടിയത്.

143 റണ്‍സ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ റയാന്‍ വാന്‍ ടോണ്ടര്‍ ആണ് കളിയിലെ താരം. ജീവേശന്‍ പിള്ളൈ 62 റണ്‍സ് നേടിയപ്പോള്‍ ജെറാള്‍ഡ് കോയെറ്റ്സേ 14 പന്തില്‍ 34 റണ്‍സുമായി പുറത്താകാതെ നിന്നു. 341 റണ്‍സ് നേടിയതോടെ ദക്ഷിണാഫ്രിക്ക ടൂര്‍ണ്ണമെന്റില്‍ ഇതുവരെ പിറന്ന ഏറ്റവും ഉയര്‍ന്ന സ്കോറാണ് ഇന്ന് സ്വന്തമാക്കിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ കെനിയയ്ക്കായി 41 റണ്‍സുമായി ജസ്‍രാജ് കുന്ദി ടോപ് സ്കോറര്‍ ആയി. ഒട്ടനവധി ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പെട്ട ടീമില്‍ നിന്ന് ഭേദപ്പെട്ട പ്രകടനം പുറത്ത് വരാതിരുന്നപ്പോള്‍ 172/7ല്‍ കെനിയന്‍ ഇന്നിംഗ്സ് അവസാനിച്ചു. ദക്ഷിണാഫ്രിക്കയ്ക്കായി കീനന്‍ സ്മിത്ത്, അഖോന മ്ന്യാങ്ക എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial