ക്രിക്കറ്റ് ലോകം ലജ്ജിച്ചു, “നിയമപ്രകാരമുള്ള” ഈ പുറത്താക്കലില്‍

ഫീല്‍ഡില്‍ തടസ്സം സൃഷ്ടിച്ചുവെന്ന് കാണിച്ച് ദക്ഷിണാഫ്രിക്കയുടെ ജീവേശന്‍ പിള്ളയെ പുറത്താക്കുവാന്‍ അമ്പയര്‍മാര്‍ തീരുമാനിക്കുമ്പോള്‍ ക്രിക്കറ്റ് ലോകം തലകുനിക്കുകയായിരുന്നു. നിയമ പുസ്തകത്തില്‍ വരച്ചിട്ടുള്ളതാണെങ്കിലും ക്രിക്കറ്റിന്റെ സ്പിരിറ്റിനു വിരുദ്ധമായിരുന്നു ആ തീരുമാനമെന്നാണ് പൊതുവേയുള്ള വിലയിരുത്തലുകള്‍. തിരികെ കീപ്പര്‍ക്ക് പന്ത് കൈ കൊണ്ടെടുത്ത് കൊടുത്തതിനു താരത്തെ പുറത്താക്കാന്‍ അമ്പയര്‍മാര്‍ നിയമപ്രകാരം വിധിക്കുമ്പോളും തീരുമാനം അമ്പയര്‍മാരിലേക്ക് എത്തിച്ചതിനു വെസ്റ്റിന്‍ഡീസിനു മാന്യത കൈവിട്ട കൂട്ടര്‍ എന്ന പേര് ചാര്‍ത്തപ്പെട്ട് കഴിഞ്ഞിരിക്കുകയാണ്.

ഷോട്ട് കളിക്കാന്‍ ശ്രമിച്ച പിള്ളെയുടെ ബാറ്റിന്റെ ഇന്‍സൈഡ് എഡ്ജില്‍ പന്ത് വിക്കറ്റിനടുത്തേക്ക് നീങ്ങുന്നു. പന്തിന്റെ ചലനം നിലച്ച ശേഷം പന്ത് കൈകൊണ്ടെടുത്ത് തിരികെ കീപ്പര്‍ക്ക് നല്‍കുമ്പോള്‍ ജീവേശന്‍ പിള്ള ഒരിക്കലും ഇത്തരമൊരു പുറത്താകല്‍ ചിന്തിച്ച് കാണില്ല. കീപ്പറിന്റെ അപ്പീലിംഗില്‍ അമ്പയര്‍മാര്‍ മൂന്നാം അമ്പയര്‍ക്ക് തീരുമാനം വിട്ടു നല്‍കുന്നു. പിന്നീട് എല്ലാം ചരിത്രം മാത്രം. ക്രിക്കറ്റിലെ നിയമ പുസ്തകത്തിലെ നിയമം 37.4 പ്രകാരം ജീവേശന്‍ പിള്ള ഫീല്‍ഡില്‍ തടസ്സം സൃഷ്ടിച്ചതിനു പുറത്താക്കപ്പെടുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial