കുംബ്ലെയുടെ പത്ത് വിക്കറ്റിന്റെ ചരിത്ര നേട്ടത്തിന് ഇന്ന് ഇരുപത് വയസ്സ്

- Advertisement -

1999, ഫെബ്രുവരി 7 ഫിറോസ്‌ ഷാ കോട്ട്ല, ഇന്ത്യ പാകിസ്ഥാൻ ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് മത്സരം. 420 എന്ന വലിയ സ്‌കോർ പിന്തുടർന്ന്ജയിക്കാൻ ഇറങ്ങിയ പാകിസ്താന്റെ പത്താമത്തെ വിക്കറ്റ് ആയി വസീം അക്രം പുറത്താവുന്നു. അനിൽ കുംബ്ലെയുടെ പന്തിൽ ഷോട്ട് ലെഗിൽ ലക്ഷ്മൺന്റെ കൈയിൽ വസീം അക്രം ഭദ്രം. പാകിസ്ഥാൻ 207 റൺസിന്‌ പുറത്ത്, ഇന്ത്യക്ക് 212 റൺസിന്റെ വലിയ വിജയം. പത്തൊൻപത് വർഷത്തിനിടെ പാകിസ്താനെതിരെ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് വിജയം. പക്ഷെ അവിടെ വിജയത്തേക്കാൾ ശ്രദ്ധേയമായ മറ്റൊന്നുണ്ടായിരുന്നു, അനിൽ കുംബ്ലെ ഒരു ടെസ്റ്റ് ഇന്നിങ്സിൽ പത്തു വിക്കറ്റ് സ്വന്തമാക്കിയിരുന്നു. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രയിൽ ഇതിന് മുൻപ് ഒരു തവണ മാത്രം സംഭവിച്ച അപൂർവ നേട്ടം ഒരു ഇന്ത്യക്കാരനും സ്വന്തമാക്കിയിരിക്കുന്നു.

ജിം ലേകാറിനു ശേഷം ഒരു ടെസ്റ്റ് ഇന്നിങ്സിൽ പത്തു വിക്കറ്റ് നേടുന്ന ആദ്യ താരമായി അനിൽ കുംബ്ലെ മാറിയതിനു ഇന്ന് ഇരുപത് വയസ് തികയുന്നു. ഇന്ത്യ ഉയർത്തിയ 420 റൺസ് എന്ന വെല്ലുവിളി പിന്തുടർന്ന പാകിസ്ഥാൻ ഒരു ഘട്ടത്തിൽ 101/0 എന്ന നിലയിൽ ആയിരുന്നു. ഷാഹിദ് അഫ്രീദിയെ പുറത്താക്കി തുടങ്ങിയ അനിൽ കുംബ്ലെ 26.3 ഓവറിൽ 74 റൺസ് വഴങ്ങി പാകിസ്താന്റെ പത്തു വിക്കറ്റും പിഴുത് ഇന്ത്യയെ വലിയ വിജയത്തിലേക്ക് നയിച്ചു.

കുംബ്ലെ പത്താം വിക്കറ്റും സ്വന്തമാക്കിയപ്പോൾ ഫിറോസ് ഷാ കോട്ട്ലാ അക്ഷരാർത്ഥത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു. എങ്ങും കുംബ്ലെ കുംബ്ലെ എന്ന ചാന്റുകൾ മാത്രം. ഇന്ത്യൻ താരങ്ങൾ കുംബ്ലെയെ പിടിച്ചുയർത്തി ഡ്രസിങ് റൂമിലേക്ക് ആനയിച്ചു. ഇതിനിടയിൽ ആയിരങ്ങൾ ഗ്രൗണ്ടിലേക്ക് ഇറങ്ങി കുംബ്ലെയെ തൊടാൻ ശ്രമിക്കുന്നുണ്ടായിരുന്നു.

ഈ ചരിത്ര നേട്ടത്തിന് 20 വയസ്സ് തികഞ്ഞിട്ടും ഇതുവരെ ആ നേട്ടം വേറെ ഒരു താരവും ആവർത്തിച്ചിട്ടില്ല. കുംബ്ലെയെ പോലൊരു പോരാളി ഇനിയും ഇന്ത്യൻ ക്രിക്കറ്റിൽ വരേണ്ടിയിരിക്കുന്നു. അഭിനന്ദനങ്ങൾ കുംബ്ലെ!!

Advertisement