ഡുവാന്നെയുടെ തീരുമാനത്തില്‍ നിരാശ അറിയിച്ച് ദക്ഷിണാഫ്രിക്കന്‍ കോച്ച്

കോല്‍പക് കരാര്‍ തിരഞ്ഞെടുത്ത് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കളിയ്ക്കുന്നത് അവസാനിപ്പിച്ച ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡുവാന്നെ ഒളിവിയറുടെ തീരുമാനം നിരാശജനകമെന്ന് അറിയിച്ച് കോച്ച് ഓട്ടിസ് ഗിബ്സണ്‍. തങ്ങള്‍ പലയാവര്‍ത്തി ചര്‍ച്ച ചെയ്ത് താരത്തിനു കേന്ദ്ര കരാര്‍ നല്‍കുമെന്ന ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും താരം തന്റെ തീരുമാനവുമായി മുന്നോട്ട് പോകുകയായിരുന്നുവെന്ന് ദക്ഷിണാഫ്രിക്കന്‍ കോച്ച് അറിയിച്ചു.

ഞങ്ങളുടെ വളരെ വിലപ്പെട്ട താരമായിരുന്നു ഒളിവിയര്‍ അതിനാല്‍ തന്നെ താരം ഇത്തരമൊരു തീരൂമാനം എടുത്തതില്‍ നിരാശയുണ്ടെന്ന് ഓട്ടിസ് പറഞ്ഞു. പതിവിനു വിപരീതമായി രണ്ട് വര്‍ഷത്തേക്കുള്ള കരാര്‍ ആണ് ബോര്‍ഡ് താരത്തിനു നല്‍കുവാന്‍ തയ്യാറായത് എന്നാല്‍ തന്റെ മികച്ചൊരു അന്താരാഷ്ട്ര കരിയറിനെ നശിപ്പിക്കുവാനുള്ള തീരുമാനമാണ് താരം കൈകൊണ്ടത്.

ഞങ്ങളുടെ ഭാഗത്ത് നിന്ന് ആവുന്നത്ര ശ്രമിച്ചു നോക്കിയെങ്കിലും അതില്‍ ഒട്ടും തന്നെ വിജയിക്കാതെ പോയതില്‍ വിഷമമുണ്ടെന്നും ഗിബ്സണ്‍ അറിയിച്ചു.