21 പന്തില്‍ നിന്ന് 41 റണ്‍സ് നേടി ദീപക് മോഹന്‍, 9 പന്തില്‍ 21 റണ്‍സുമായി ആദിത്യയും, ടിസിഎസിനെതിരെ വലിയ വിജയവുമായി ടീം യുണൈറ്റഡ്

ടിസിഎസ് യംഗിസ്ഥാനെതിരെ 28 റണ്‍സിന്റെ വലിയ വിജയവുമായി ടീം യുണൈറ്റഡ്. ഇന്ന് ടിപിഎലില്‍ നടന്ന ആദ്യ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ടീം യുണൈറ്റഡ് 95 റണ്‍സാണ് എട്ടോവറില്‍ നിന്ന് 4 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. 21 പന്തില്‍ നിന്ന് നാല് സിക്സുകളുടെ സഹായത്തോടെ 41 റണ്‍സ് നേടിയ ദീപക് മോഹനും 9 പന്തില്‍ നിന്ന് 21 റണ്‍സ് നേടി പുറത്താകാതെ നിന്ന ആദത്യയ്ക്കും ഒപ്പം 19 റണ്‍സ് നേടി ശ്രീഹരിയും ടീം യുണൈറ്റഡിനായി തിളങ്ങുകയായിരുന്നു. ടിസിഎസ് യംഗിസ്ഥാന് വേണ്ടി ഹരി ശങ്കര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ടിസിഎസ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സ് മാത്രമാണ് നേടിയത്. 19 റണ്‍സ് നേടിയ ഹരീഷ് കുമാര്‍ ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ ടീം യുണൈറ്റഡിന് വേണ്ടി ആദിത്യയും അരുണ്‍ വ്യാസും മൂന്ന് വീതം വിക്കറ്റ് നേടി തിളങ്ങി.