ഇംഗ്ലണ്ടിന്റെ 15 അംഗ സ്ക്വാഡ് തിരഞ്ഞെടുക്കുക ശ്രമകരം

Sports Correspondent

ഇംഗ്ലണ്ടിന്റെ പാക്കിസ്ഥാനെതിരെയുള്ള വിജയത്തിനു ശേഷം സംസാരിക്കവെ ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്റെ വാക്കുകള്‍ പ്രകാരം ലോകകപ്പിനായി ഇംഗ്ലണ്ടിന്റെ സ്ക്വാഡ് 15 അംഗമായി ചുരുക്കുക എന്നത് പ്രയാസകരമായ കാര്യമാണെന്നാണ്. ഇംഗ്ലണ്ട് നേരത്തെ തന്നെ 15 അംഗ സ്ക്വാഡിനെ പ്രഖ്യാപിച്ചുവെങ്കിലും പാക്കിസ്ഥാനെതതിരെ ബൗളര്‍മാരെ റോട്ടേറ്റ് ചെയ്ത ശേഷമുള്ള ക്യാപ്റ്റന്റെ അഭിപ്രായമാണ്. പരമ്പരയ്ക്കായി ഇംഗ്ലണ്ട് 17 അംഗ സ്ക്വാഡിനെയാണ് തിരഞ്ഞെടുത്തത്.

ലോകകപ്പിനുള്ള അന്തിമ സ്ക്വാഡ് പ്രഖ്യാപനം മേയ് 21നാണ് നടത്തേണ്ടത്. ജോഫ്ര ആര്‍ച്ചര്‍ ഇംഗ്ലണ്ട് അരങ്ങേറ്റം നടത്തി ശ്രദ്ധേയമായ പ്രകടനം നടത്തിയതോടു കൂടി ഇംഗ്ലണ്ടിനു കാര്യങ്ങള്‍ പ്രയാസകരമായി മാറുമെന്ന സ്ഥിതിയാണ് ഉടലെടുത്തിരിക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ ജോഫ്ര ആര്‍ച്ചര്‍ക്ക് വിശ്രമം നല്‍കി ഡേവിഡ് വില്ലിയ്ക്ക് അവസരം നല്‍കിയപ്പോള്‍ താരം തന്റെ രണ്ടാം സ്പെല്ലില്‍ 3 ഓവറില്‍ വെറും 17 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് നേടി പാക്കിസ്ഥാനെ വരിഞ്ഞുകെട്ടുകയായിരുന്നു.

ഇംഗ്ലണ്ടിന്റെ ജയത്തില്‍ നിര്‍ണ്ണായകമായ ബൗളിംഗ് പ്രകടനമായിരുന്നു ഇത്. 373 എന്ന ഇംഗ്ലണ്ട് സ്കോര്‍ ചേസ് ചെയ്ത് പാക്കിസ്ഥാന്‍ 12 റണ്‍സ് അകലെ വരെ എത്തിയിരുന്നു. വില്ലിയുടെ രണ്ടാം സ്പെല്‍ ഏറെ മികച്ചതായിരുന്നുവെന്നാണ് ഓയിന്‍ മോര്‍ഗന്‍ അഭിപ്രായപ്പെട്ടത്. വില്ലി മാത്രമല്ല ക്രിസ് വോക്സും ലിയാം പ്ലങ്കറ്റും എല്ലാം തന്നെ മികച്ച പ്രകടനമാണ് നടത്തുന്നതെന്നും മോര്‍ഗന്‍ പറഞ്ഞു.

17 അംഗ സ്ക്വാഡില്‍ നിന്ന് രണ്ട് താരങ്ങള്‍ പുറത്ത് പോകുമെന്നത് ഏറെ സങ്കടകരമായ കാര്യമാണെന്നും ഈ തീരുമാനം വളരെ കടുപ്പമേറിയതാണെന്നും ശേഷിക്കുന്ന മത്സരങ്ങളില്‍ താരങ്ങള്‍ എങ്ങനെയുള്ള പ്രകടനമാണ് പുറത്തെടുക്കുന്നതെങ്കിലും ഇവര്‍ ഏറെ കാലമായി ഇംഗ്ലണ്ടിനു വേണ്ടി മികവ് പുലര്‍ത്തിയ താരങ്ങളാണെന്നുള്ളത് വസ്തുതയാണെന്നും മോര്‍ഗന്‍ അഭിപ്രായപ്പെട്ടു.