ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ ഡയറക്ടര്‍ ആയി ടോം മൂഡി എത്തുന്നു

ശ്രീലങ്കയുടെ പുതിയ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് ആയി ടോം മൂഡി എത്തുന്നു. ശ്രീലങ്ക ക്രിക്കറ്റിലെ ടെക്നിക്കല്‍ അഡ്വൈസറി കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം ആണ് ബോര്‍ഡ് മുന്‍ ഓസ്ട്രേലിയന്‍ താരത്തെയും പ്രമുഖ പരിശീലകനുമായ ടോം മൂഡിയെ നിയമിച്ചത്.

മൂന്ന് വര്‍ഷത്തെ കരാര്‍ ആണ് ടോം മൂഡിയുമായി ബോര്‍ഡ് ഒപ്പിട്ടിരിക്കുന്നത്. മുമ്പ് 2007ല്‍ ശ്രീലങ്കയുടെ കോച്ചായി ടോം മൂഡി രണ്ട് വര്‍ഷം പ്രവര്‍ത്തിച്ചിട്ടുണ്ട്. അന്ന് ടീമിനെ ലോകകപ്പ് ഫൈനലിലേക്ക് താരം എത്തിച്ചിരുന്നു. അന്ന് ഓസ്ട്രേലിയയോട് ടീം ഫൈനലില്‍ പരാജയം ഏറ്റുവാങ്ങുകയായിരുന്നു.

ഐപിഎലില്‍ സണ്‍റൈസേഴ്സ് ഹൈദ്രാബാദിന്റെ കോച്ചായും പിന്നീട് ഡയറക്ടര്‍ ഓഫ് ക്രിക്കറ്റായും മൂഡി പ്രവര്‍ത്തിച്ചിട്ടുണ്ട്. കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റായും മൂഡി ചുമതല വഹിച്ചിട്ടുണ്ട്.