സിംബാബ്‌വെക്കെതിരായ ആദ്യ ടെസ്റ്റിന് മുന്നോടിയായി ന്യൂസിലൻഡിന് തിരിച്ചടി. നായകൻ ടോം ലാഥമിനെ തോളിനേറ്റ പരിക്ക് കാരണം ടീമിൽ നിന്ന് ഒഴിവാക്കി. ഈ മാസം ആദ്യം ഇംഗ്ലണ്ടിൽ നടന്ന ഒരു ടി20 മത്സരത്തിൽ ഫീൽഡിങ്ങിനിടെയാണ് ലാഥമിന് പരിക്കേറ്റത്. പരിക്ക് പൂർണ്ണമായും ഭേദമാകാത്തതിനാൽ ബുധനാഴ്ച ക്വീൻസ് സ്പോർട്സ് ക്ലബിൽ ആരംഭിക്കുന്ന മത്സരത്തിൽ അദ്ദേഹത്തിന് കളിക്കാനാകില്ല.
ലാഥമിന്റെ അഭാവത്തിൽ, ഇടംകൈയ്യൻ സ്പിന്നറും വൈറ്റ്-ബോൾ നായകനുമായ മിച്ച് സാന്റ്നർ ടീമിനെ നയിക്കും. ന്യൂസിലൻഡിന്റെ 32-ാമത്തെ ടെസ്റ്റ് ക്യാപ്റ്റനാകും സാന്റ്നർ. അടുത്തിടെ സിംബാബ്‌വെ, ദക്ഷിണാഫ്രിക്ക എന്നിവർക്കെതിരായ ടി20 പരമ്പരകളിൽ സാന്റ്നർ കിവീസിനെ വിജയത്തിലേക്ക് നയിച്ചിരുന്നു.
ഓഗസ്റ്റ് 7-ന് ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിന് മുന്നോടിയായി ഫിറ്റ്നസ് വീണ്ടെടുക്കാൻ ലക്ഷ്യമിട്ട് ലാഥം ടീമിനൊപ്പം തുടരും.