ന്യൂസിലാൻഡ് മുൻ ക്രിക്കറ്റ് താരം ടോം ബ്രൂസ് ഇനിമുതൽ സ്കോട്ട്ലൻഡിന് വേണ്ടി കളിക്കും. ഓഗസ്റ്റ് 27-ന് കാനഡയിൽ ആരംഭിക്കുന്ന ക്രിക്കറ്റ് ലോകകപ്പ് ലീഗ് 2 മത്സരങ്ങളിൽ താരം സ്കോട്ടിഷ് ടീമിനായി ഇറങ്ങും. എഡിൻബർഗിൽ ജനിച്ച പിതാവിലൂടെയാണ് ബ്രൂസിന് സ്കോട്ടിഷ് ടീമിൽ കളിക്കാൻ യോഗ്യത ലഭിച്ചത്.
ന്യൂസിലാൻഡിൽ കരിയർ ആരംഭിക്കുന്നതിന് മുമ്പ് 2016-ൽ ബ്രൂസ് സ്കോട്ട്ലൻഡ് ഡെവലപ്‌മെന്റ് ടീമിന് വേണ്ടി കളിച്ചിട്ടുണ്ട്. ഒരു പതിറ്റാണ്ടിലേറെയായി സെൻട്രൽ ഡിസ്ട്രിക്റ്റ്സിന് വേണ്ടി ആഭ്യന്തര ക്രിക്കറ്റിൽ കളിച്ച ഈ ടോപ് ഓർഡർ ബാറ്റ്സ്മാൻ, 2017-നും 2020-നും ഇടയിൽ ന്യൂസിലാൻഡ് ടീമിന് വേണ്ടി 17 ടി20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.
ഗയാനയിൽ നടന്ന ഗ്ലോബൽ സൂപ്പർ ലീഗിൽ സെൻട്രൽ ഡിസ്ട്രിക്റ്റ്സിനായി കളിച്ചതാണ് താരത്തിന്റെ അവസാന മത്സരം.
സ്കോട്ടിഷ് ടീമിൽ കളിക്കാൻ ലഭിച്ച അവസരത്തിൽ അഭിമാനം പ്രകടിപ്പിച്ച ബ്രൂസ്, ലോകകപ്പിൽ ടീമിനെ എത്തിക്കാനുള്ള തന്റെ ആഗ്രഹം പങ്കുവെച്ചു. 2015-16 സീസണിൽ സൂപ്പർ സ്മാഷിൽ 140.25 സ്ട്രൈക്ക് റേറ്റിൽ 223 റൺസ് നേടിയതോടെയാണ് 34-കാരനായ ബ്രൂസ് ശ്രദ്ധേയനാകുന്നത്. ഇത് ന്യൂസിലാൻഡ് ടീമിലേക്കുള്ള വഴി തുറന്നു. അന്താരാഷ്ട്ര ടി20 മത്സരങ്ങളിൽ 122.36 സ്ട്രൈക്ക് റേറ്റിൽ 279 റൺസ് നേടിയ ബ്രൂസിന്റെ പരിചയസമ്പത്ത് ടീമിന് മുതൽക്കൂട്ടാകുമെന്നാണ് സ്കോട്ടിഷ് ടീം കോച്ച് ഡഗ് വാട്സൺ പറഞ്ഞത്.