ടി.എൻ.പി.എൽ വാതുവെപ്പ് വിവാദം, അന്വേഷണം പ്രഖ്യാപിച്ച് ബി.സി.സി.ഐ

തമിഴ്നാട് പ്രീമിയർ ലീഗിലെ വാതുവെപ്പ് വിവാദവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ച് ബി.സി.സി.ഐ . വാതുവെപ്പിൽ പല പ്രമുഖരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക വിവരങ്ങൾ. ഒരു ഇന്ത്യൻ താരവും ഒരു ഐ.പി.എൽ ടീമിന്റെ താരവും ഒരു രഞ്ജി ടീം പരിശീലകനും ഒരു ടീം ഉടമയും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.  അടുത്ത ദിവസങ്ങളിൽ തന്നെ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷനും വാതുവെപ്പിനെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

എല്ലാ ടീമുകളിൽ വാതുവെപ്പുമായി ബന്ധപ്പെട്ട ആൾകാർ ഉണ്ടായിരുന്നെന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്. ഇതെല്ലം മുൻനിർത്തി ബി.സി.സി.ഐ അഴിമതി വിരുദ്ധ സമിതി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാതുവെപ്പ് വിവാദത്തിൽ ഉൾപ്പെട്ടവർ തമ്മിലുള്ള പ്രശ്നങ്ങളാണ് വിവാദം പുറത്തറിയാൻ കാരണമായത്.  തമിഴ്നാട് പ്രീമിയർ ലീഗിലെ ഒരു ടീമിന്റെ ഉടമയുമായി ചേർന്ന് വാതുവെപ്പുക്കാർ ടീമിൽ ഉടമസ്ഥാവകാശം സ്ഥാപിക്കുകയും വാതുവെപ്പ് നടത്തുകയും ചെയ്തു എന്നാണ് ആരോപണം.

നാല് വർഷം മുൻപ് മഹേന്ദ്ര സിങ് ധോണി ഉദഘാടനം ചെയ്ത ടി.എൻ.പി.എൽ ഇന്ത്യയിലെ ഏറ്റവും മികച്ച ടി20 ലീഗുകളിൽ ഒന്നായിരുന്നു.