ബംഗ്ലാദേശ് നല്കിയ 323 റണ്‍സെന്ന വിജയ ലക്ഷ്യം തേടിയിറങ്ങിയ സിംബാബ്വേയുടെ ടീം എഫേര്‍ട്ട് ലക്ഷ്യത്തിന് 4 റണ്‍സ് അകലെ അവസാനിച്ചു. എട്ടാം വിക്കറ്റില്‍ ടിരിപാനോനയും മുടോംബോഡ്സിയും ചേര്‍ന്നുള്ള കൂട്ടുകെട്ടാണ് സിംബാബ്വേയെ മത്സരത്തിലേക്ക് തിരികെ കൊണ്ടു വന്നത്. അവസാന ഓവറില്‍ ജയിക്കുവാന്‍ 20 റണ്‍സ് വേണ്ടിയിരുന്ന ടീമിന് 15 റണ്‍സേ ഓവറില്‍ നിന്ന് നേടാനായുള്ളു.
ആദ്യ രണ്ട് പന്തില്‍ രണ്ട് റണ്‍സ് നേടിയ ടീമിന് മുടോംബോഡ്സിയുടെ വിക്കറ്റ് നഷ്ടമായി. 21 പന്തില്‍ 34 റണ്‍സ് നേടിയ താരം പുറത്തായ ശേഷം അടുത്ത പന്തില്‍ സിക്സ് നേടി ടിരിപാനോ ലക്ഷ്യം 3 പന്തില്‍ 12 ആക്കി. അടുത്ത പന്തും അതിര്‍ത്തി കടത്തി 26 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം ടിരിപാനോ തികയ്ക്കുകയും ലക്ഷ്യം 2 പന്തില്‍ ആറാക്കി ചുരുക്കുകയും ചെയ്തിരുന്നു.
അടുത്ത പന്ത് ഒരു വൈഡ് കോളില്‍ നിന്ന് ഓവര്‍ എറിഞ്ഞ അല്‍ അമീന് രക്ഷപ്പെട്ടപ്പോള്‍ അവസാന പന്തില്‍ ലക്ഷ്യം 6 ആയി മാറി. അവസാന പന്തില്‍ ഒരു റണ്‍സ് മാത്രം നേടിയപ്പോള്‍ സിംബാബ്വേയുടെ പോരാട്ട വീര്യത്തെ അതിജീവിച്ച് ഏകദിന പരമ്പര 2-0ന് ബംഗ്ലാദേശ് സ്വന്തമാക്കി. 28 പന്തില്‍ 55 റണ്‍സുമായി ടിരിപാനോ പുറത്താകാതെ നിന്നു.
സിംബാബ്വേയുടെ ഇന്നിംഗ് 8 വിക്കറ്റ് നഷ്ടത്തില്‍ 318 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. എട്ടാം വിക്കറ്റില്‍ 80 റണ്‍സാണ് ടിരിപാനോ-ടിനോടെന്‍ഡ് മുടോംബോഡ്സി കൂട്ടുകെട്ട് നേടിയത്. സിക്കന്ദര്‍ റാസ(66) ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ ടിനാഷേ കാമുന്‍ഹുകാംവേ(51), വെസ്ലി മാദേവേരെ(52) എന്നിവര്‍ അര്‍ദ്ധ ശതകങ്ങള്‍ തികച്ചു. ഡൊണാള്‍ഡ് ടിരിപാനോ 55 റണ്‍സുമായി പുറത്താകാതെ നിന്നു. 28 പന്തില്‍ 5 സിക്സും 2 ഫോറുമാണ് താരത്തിന്റെ സംഭാവന.
ബംഗ്ലാദേശിനായി തൈജുല്‍ ഇസ്ലാം 3 വിക്കറ്റ് നേടി. മെഹ്ദി ഹസന് തന്റെ ഏഴോവറില്‍ വെറും 25 റണ്‍സ് മാത്രം വിട്ട് നല്കി ബൗളിംഗില്‍ തിളങ്ങിയപ്പോള്‍ അല്‍ അമീന് ഹൊസൈനാണ് കണക്കറ്റ് പ്രഹരം ലഭിച്ചത്.