ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ തകർപ്പൻ പ്രകടനത്തോടെ ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗിൽ മൂന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ യുവതാരം തിലക് വർമ്മ. അഹമ്മദാബാദിൽ നടന്ന അഞ്ചാം ടി20യിൽ 42 പന്തിൽ 73 റൺസെടുത്ത് തിലക് വർമ്മ ഇന്ത്യയുടെ പരമ്പര വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ചു.
ഇതോടെ 805 റേറ്റിംഗ് പോയിന്റുകളുമായി ശ്രീലങ്കയുടെ പതും നിസങ്കയെ പിന്നിലാക്കിയാണ് തിലക് മൂന്നാം റാങ്ക് സ്വന്തമാക്കിയത്. 908 പോയിന്റുള്ള അഭിഷേക് ശർമ്മയാണ് പട്ടികയിൽ ഒന്നാമത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 187 റൺസ് അടിച്ചുകൂട്ടിയ തിലക് വർമ്മയുടെ ബാറ്റിംഗ് മികവ് വരാനിരിക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യൻ മധ്യനിരയ്ക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. ദക്ഷിണാഫ്രിക്കൻ താരം ഡെവാൾഡ് ബ്രെവിസും റാങ്കിംഗിൽ പത്താം സ്ഥാനത്തേക്ക് മുന്നേറി.
ബോളിംഗ് റാങ്കിംഗിൽ വരുൺ ചക്രവർത്തി 804 പോയിന്റോടെ തന്റെ ഒന്നാം സ്ഥാനം നിലനിർത്തി. പരമ്പരയിലുടനീളം 10 വിക്കറ്റുകൾ വീഴ്ത്തിയ വരുൺ ചക്രവർത്തിയാണ് പ്ലെയർ ഓഫ് ദി സീരീസ് പുരസ്കാരത്തിന് അർഹനായത്. അവസാന മത്സരത്തിൽ രണ്ട് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറ പത്ത് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 18-ാം റാങ്കിലെത്തി.









