10 സിക്സുകള്‍ അടക്കം 92 റൺസ്, ഫീനിക്സിനെ ഫൈനലിലെത്തിച്ച് ലിയാം ലിവിംഗ്സ്റ്റൺ

ദി ഹണ്ട്രെഡിന്റെ പുരുഷ പതിപ്പിന്റെ ഫൈനലിലെത്തി ബിര്‍മ്മിംഗാം ഫീനിക്സ്. ഇന്നലെ നടന്ന മത്സരത്തിൽ ലിയാം ലിവിംഗ്സ്റ്റണിന്റെ തകര്‍പ്പന്‍ ഇന്നിംഗ്സ് ആണ് ഫീനിക്സിനെ ഫൈനലിലേക്ക് എത്തിച്ചത്.

40 പന്തിൽ 92 റൺസ് നേടിയ ലിവിംഗ്സ്റ്റൺ മൂന്ന് വിക്കറ്റും മത്സരത്തിൽ നേടി. നോര്‍ത്തേൺ സൂപ്പര്‍ചാര്‍ജേഴ്സിനെതിരെ എട്ട് വിക്കറ്റ് വിജയം നേടിയാണ് ബിര്‍മ്മിംഗാം ഫൈനലിലേക്ക് എത്തിയത്.

ആദ്യം ബാറ്റ് ചെയ്ത നോര്‍ത്തേൺ സൂപ്പര്‍ചാര്‍ജേഴ്സ് 44 പന്തിൽ 77 റൺസ് നേടി ടോം കോഹ്‍ലര്‍-കാഡ്മോറിന്റെയും 34 റൺസ് നേടിയ ക്രിസ് ലിന്നിന്റെയും ഇന്നിംഗ്സുകളുടെ ബലത്തിൽ മികച്ച തുടക്കമാണ് സ്വന്തമാക്കിയതെങ്കിലും 95/0 എന്ന നിലയിൽ നിന്ന് 143/8 എന്ന നിലയിലേക്ക് തുടരെ വിക്കറ്റുകള്‍ നഷ്ടമായതോടെ വീഴുകയായിരുന്നു. ലിവിംഗ്സ്റ്റൺ മൂന്നും ആഡം മില്‍നെ ബെന്നി ഹോവൽ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് ബിര്‍മ്മിംഗാമിന് വേണ്ടി നേടി.

74 പന്തിൽ ആണ് ബിര്‍മ്മിംഗാം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് നേടി വിജയം കണ്ടത്. ലിയാം പുറത്താകാതെ നിന്നപ്പോള്‍ 26 പന്തിൽ 42 റൺസ് നേടിയ ഓപ്പണര്‍ ഫിന്‍ അല്ലന്‍ ആണ് മറ്റൊരു പ്രധാന സ്കോറര്‍.