അപകടകരമായ പിച്ചില്‍ ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നത് പോലെയാണ് കോവിഡ-19 സ്ഥിതിയെന്ന് വിശേഷിപ്പിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ബാറ്റ്സ്മാന്മാര്‍ക്ക് വളരെ കുറച്ച് മാര്‍ജിന്‍ ഓഫ് ഇറര്‍ ഉള്ളത് പോലെയാണ് ജനങ്ങളുടെ കാര്യവും. അവരുടെ ഭാഗത്ത് നിന്നുള്ള ചെറിയ തെറ്റ് തന്നെ അപകടം വിളിച്ച് വരുത്തുമെന്ന് സൗരവ് വ്യക്തമാക്കി.
ഒരു ടെസ്റ്റ് ബാറ്റ്സ്മാന്‍ അപകടകരമായ പിച്ചില്‍ കളിക്കുന്നത് പോലെയാണ് ഈ മഹാവ്യാധിയുടെ സ്ഥിതി. പന്ത് ഒരു പോലെ സീമും സ്പിന്നും ചെയ്യുന്നുണ്ട്. ബാറ്റ്സ്മാന്മാര്‍ സ്വന്തം വിക്കറ്റ് സംരക്ഷിച്ച് റണ്‍സ് സ്കോര്‍ ചെയ്യുന്ന പോലെയായിരിക്കണം ഓരോ പൗരന്മാരുടെയും സമീപനം എന്ന് ഗാംഗുലി വ്യക്തമാക്കി.
ഈ പരീക്ഷണം നമ്മള്‍ ഒരുമിച്ച് മറികടന്ന് വിജയം കൊയ്യുമെന്ന് പ്രതീക്ഷിക്കാമെന്നും സൗരവ് ഗാംഗുലി പറഞ്ഞു. ഇതിന് പരിഹാരമെന്ന നിലയില്‍ വാക്സിന്‍ ഇല്ലാത്തതിനാല്‍ തന്നെ നമ്മള്‍ കരുതലോടെയാണ് മുന്നോട്ട് പോകേണ്ടതെന്നും ഗാംഗുലി പറഞ്ഞു. ഇപ്പോളത്തെ സ്ഥിതിയില്‍ അതീവ വിഷമമുണ്ട്. പുറത്ത് ലക്ഷങ്ങളാണ് കഷ്ടത അനുഭവിക്കുന്നത്. ഈ മഹാമാരിയെ എങ്ങനെ തടയാമെന്നത് ഇപ്പോളും പരീക്ഷണങ്ങളിലൂടെ കണ്ട് പിടിക്കുവാനുള്ള ശ്രമത്തിലാണ് വൈദ്യ സമൂഹമെന്നും ഗാംഗുലി പറഞ്ഞു.
ക്രിക്കറ്റ് തന്നെ അതീവ സമ്മര്‍ദ്ദമായ സാഹചര്യത്തിലൂടെ കൂട്ടികൊണ്ടുപോയിട്ടുണ്ട്. അതിനാല്‍ തന്നെ തെറ്റായ ഒരു നീക്കം എന്താകും ഫലമെന്നത് തനിക്ക് നിശ്ചയമുണ്ടെന്നും അങ്ങനെ സംഭവിച്ചാല്‍ മറ്റൊരു അവസരം നമുക്ക് ലഭിച്ചേക്കില്ലെന്നും ഗാംഗുലി പറഞ്ഞു.