2018 ടെസ്റ്റ് ക്രിക്കറ്റിന് മികച്ച വർഷമായിരുന്നു. ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക, പാകിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ ടീമുകൾ എല്ലാം ടെസ്റ്റ് മത്സരങ്ങളിൽ പങ്കെടുക്കുകയും ടെസ്റ്റ് മത്സരങ്ങൾ സജീവമാക്കുകകയും ചെയ്തിരുന്നു. എന്നാൽ ടെസ്റ്റ് ക്രിക്കറ്റ് മരിച്ചു കൊണ്ടിരിക്കുകയാണ് എന്ന പ്രസ്താവനയുമായി രംഗത്ത് വന്നിരിക്കുകയാണ് ഐസിസി ചെയർമാൻ ശശാങ്ക് മനോഹർ.
“ടെസ്റ്റ് ക്രിക്കറ്റ് പിന്തുടരുന്ന ആരാധകരുടെ എണ്ണം കുറഞ്ഞു വരുകയാണ്, എന്നാൽ ടി20 ക്രിക്കറ്റ് ഫോളോ ചെയ്യുന്നവരുടെ എണ്ണം കൂടുന്നുമുണ്ട്. കാരണം ടി20 മൂന്നര മണിക്കൂറിൽ കഴിയും, എല്ലാവരും അവരവുടെ പ്രൊഫഷണൽ ലൈഫിൽ ബിസിയാണ്, ടെസ്റ്റ് ഫോളോ ചെയ്യാൻ ആർക്കും സാധിക്കുന്നില്ല” – ശശാങ്ക് മനോഹർ പറഞ്ഞു.
നടക്കാനിരിക്കുന്ന ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ടെസ്റ്റ് മത്സരങ്ങൾക്ക് പുത്തനുണർവ് നൽകുമെന്ന് വിശ്വസിക്കുന്നെന്നും മനോഹർ പറയുന്നു. ടെസ്റ്റ് കളിക്കുന്ന ഒൻപത് രാജ്യങ്ങളും ഈ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും, 2019ൽ തുടങ്ങി 2021 വരെ നീളുന്നതാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ്.