ബൈനറി അവഞ്ചേഴ്സിനെതിരെ എട്ട് വിക്കറ്റ് വിജയവുമായി യുഎസ്ടി റെഡ്

Sports Correspondent

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗിന്റെ രണ്ടാം ഘട്ട റൗണ്ടില്‍ മികച്ച വിജയവുമായി യുഎസ്ടി റെഡ്. ഇന്ന് ടോസ് നേടി എതിരാളികളായ ബൈനറി അവഞ്ചേഴ്സിനെ ബാറ്റിംഗനയയ്ച്ച യുഎസ്ടി അവരെ 34 റണ്‍സിന് 7.2 ഓവറില്‍ ഓള്‍ഔട്ട് ആക്കുകയായിരുന്നു. ചേസിംഗില്‍ 5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 40 റണ്‍സ് നേടി ടീം ലക്ഷ്യം മറികടക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ബൈനറി അവഞ്ചേഴ്സിന്റെ നിരയില്‍ ആര്‍ക്കും തന്നെ കാര്യമായ ബാറ്റിംഗ് പ്രകടനം പുറത്തെടുക്കുവാന്‍ സാധിച്ചിരുന്നില്ല. 11 റണ്‍സ് നേടിയ ടോണി പോള്‍ ടോപ് സ്കോറര്‍ ആയപ്പോള്‍ വലിയ ഷോട്ടിന് മുതിര്‍ന്ന് ബൈനറി വിക്കറ്റ് നഷ്ടപ്പെടുത്തുകയായിരുന്നു. ഒരു ഘട്ടത്തില്‍ 31/4 എന്ന നിലയിലായിരുന്ന ബൈനറിയ്ക്ക് തങ്ങളുടെ അവസാന ആറ് വിക്കറ്റ് മൂന്ന് റണ്‍സിന് നഷ്ടപ്പെടുകയായിരുന്നു. യുഎസ്ടിയ്ക്കായി ധനീഷും അഖിലും മൂന്ന് വീതം വിക്കറ്റ് നേടി.

ഓപ്പണര്‍മാരായ അശ്വിനും അഖിലും ഒന്നാം വിക്കറ്റില്‍ 27 റണ്‍സ് നേടിയാണ് 35 റണ്‍സെന്ന ചെറിയ ലക്ഷ്യത്തിലേക്ക് യുഎസ്ടിയെ വേഗത്തില്‍ എത്തിച്ചത്. അശ്വിന്‍ 14 റണ്‍സും അഖില്‍ 8 പന്തില്‍ നിന്ന് 15 റണ്‍സും നേടുകയായിരുന്നു. താന്‍ നേരിട്ട ആദ്യ പന്ത് സിക്സര്‍ പറത്തി സിനുരാജ് യുഎസ്ടിയെ എട്ട് വിക്കറ്റ് വിജയത്തിലേക്ക് നയിക്കുകയായിരുന്നു.