ആവേശപ്പോരാടത്തില്‍ ജയം നേടി ക്വസ്റ്റ് ഗ്ലോബല്‍, ടെക്നോപാര്‍ക്ക് വനിത ക്രിക്കറ്റ് ലീഗ് ജേതാക്കള്‍

യുഎസ്ടി ഗ്ലോബലിനെ പരാജയപ്പെടുത്തി ടെക്നോപാര്‍ക്ക് വനിത ക്രിക്കറ്റ് ലീഗ് ജേതാക്കളായി ക്വസ്റ്റ് ഗ്ലോബല്‍. ഇന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ ആദ്യ ബാറ്റ് ചെയ്ത യുഎസ്ടി 2 വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സ് നേടിയപ്പോള്‍ 2 പന്ത് അവശേഷിക്കെയാണ് ഒരു വിക്കറ്റ് ജയം ക്വസ്റ്റ് സ്വന്തമാക്കിയത്. പുറത്താകാതെ 15 റണ്‍സ് നേടിയ ജ്യോതിയും 29 റണ്‍സ് നേടിയ സ്വാതിയുമാണ് യുഎസ്ടിയ്ക്കായി റണ്‍സ് കണ്ടെത്തിയത്. ജയലക്ഷ്മി, വൈഷ്ണ എന്നിവര്‍ ക്വസ്റ്റിനായി വിക്കറ്റുകള്‍ വീഴ്ത്തി.

24 റണ്‍സ് നേടിയ ഓപ്പണിംഗ് താരം വൈഷ്ണയുടെ മികവിലാണ് ക്വസ്റ്റിന്റെ വിജയം. സ്കോര്‍ 58ല്‍ നില്‍ക്കെ വൈഷ്ണ ആറാം വിക്കറ്റായി പുറത്തായെങ്കിലും റീറ്റ സണ്ണി നേടിയ ബൗണ്ടറിയിലൂടെ ക്വസ്റ്റ് ഒരു വിക്കറ്റിന്റെ ആവേശ ജയം സ്വന്തമാക്കി. വൈഷ്ണ 18 പന്തില്‍ നിന്ന് 2 സിക്സും 2 ഫോറും സഹിതമാണ് തന്റെ 24 റണ്‍സ് നേടിയത്.

യുഎസ്ടിയ്ക്കായി സ്വാതി മൂന്നും ശ്രാവന്തി പിട്ടാല രണ്ടും വിക്കറ്റ് നേടി. ക്വസ്റ്റിന്റെ വൈഷ്ണയാണ് കളിയിലെ താരം. എട്ട് പേരടങ്ങുന്ന ടീമായാണ് വനിതകളുടെ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചത്.