അനീഷിന്റെ വെടിക്കെട്ട് പ്രകടനത്തിന്റെ ബലത്തില്‍ ഫിനസ്ട്രയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത് 86 റണ്‍സ് നേടിയ മുത്തൂറ്റ് ടെക് & കോര്‍പിന് 10 റണ്‍സ് വിജയം. ആദ്യം ബാറ്റ് ചെയ്ത മുത്തൂറ്റിന് വേണ്ടി അനീഷ് 28 പന്തില്‍ പുറത്താകാതെ 44 റണ്‍സും ബാനര്‍ജ്ജി രാജന്‍ പത്ത് പന്തില്‍ 21 റണ്‍സും നേടിയപ്പോള്‍ ആര്‍ജെ ആനന്ദ് ആണ് മറ്റൊരു പ്രധാന സ്കോറര്‍. ആനന്ദ് 9 പന്തില്‍ നിന്ന് 18 റണ്‍സാണ് നേടിയത്. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ആണ് മുത്തൂറ്റ് 86 റണ്‍സ് നേടിയത്.
മറുപടി ബാറ്റിംഗില്‍ ജിബിന്‍ ജെ ഫ്രെഡ്ഡിയും അജിത്തും ടീമിനായി പൊരുതി നോക്കിയെങ്കിലും മറ്റു താരങ്ങളില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിയ്ക്കാതെ വന്നപ്പോള്‍ ഫിനസ്ട്രയുടെ പോരാട്ടം 76 റണ്‍സില്‍ ഒതുങ്ങി. 5 വിക്കറ്റാണ് ടീമിന് നഷ്ടമായത്. ജിബിന്‍ 23 പന്തില്‍ 40 റണ്‍സ് നേടിയപ്പോള്‍ അജിത്ത് 15 പന്തില്‍ നിന്ന് 21 റണ്‍സ് നേടി. വിനോദ് 3 പന്തില്‍ 7 റണ്‍സും നേടി.
അവസാന ഓവറില്‍ 19 റണ്‍സായിരുന്നു ഫിനസ്ട്ര നേടേണ്ടിയിരുന്നത്. ക്രീസില്‍ ജിബിന്‍ നിന്നപ്പോള്‍ ടീമിന് പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും മൂന്നാം പന്തില്‍ താരത്തെ പുറത്താക്കി വിശാഖ് മത്സരത്തില്‍ നിര്‍ണ്ണായകമായ വിക്കറ്റ് നേടി മുത്തൂറ്റിന്റെ വിജയം ഉറപ്പാക്കുകയായിരുന്നു. വിനോദ് തന്റെ വരവ് സിക്സോടെയാണ് തുടങ്ങിയതെങ്കിലും പിന്നീടുള്ള രണ്ട് പന്തില്‍ വലിയ ഷോട്ട് ആ ബാറ്റില്‍ നിന്ന് പിറന്നില്ല.