തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ 30 റണ്‍സിന്റെ മികച്ച വിജയം നേടി ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്. ടൂര്‍ണ്ണമെന്റിലെ തങ്ങളുടെ രണ്ടാം ജയം സ്വന്തമാക്കുകയായിരുന്നു ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്. ഇന്ന് ഓപ്പണര്‍മാരായ ഹരി നിഷാന്തും എന്‍ ജഗദീഷനും നല്കിയ സ്വപ്ന തുല്യ തുടക്കത്തിന് ശേഷം 20 ഓവറില്‍ നിന്ന് 6 വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് ആദ്യം ബാറ്റ് ചെയ്ത ഡിണ്ടിഗല്‍ ഡ്രാഗണ്‍സ് നേടിയത്.
ഒന്നാം വിക്കറ്റില്‍ 104 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. ഇതില്‍ 57 റണ്‍സ് നേടിയ ഹരിയുടെ വിക്കറ്റാണ് ഡിണ്ടിഗലിന് ആദ്യം നഷ്ടമായത്. അതേ സമയം 51 പന്തില്‍ നിന്ന് പുറത്താകാതെ 87 റണ്‍സുമായി ജഗദീഷ് ഇന്നിംഗ്സ് മുഴുവന്‍ ബാറ്റ് വീശി. മധുരൈയ്ക്ക് വേണ്ടി രാഹില്‍ ഷാ മൂന്നും കിരണ്‍ ആകാശ് രണ്ടും വിക്കറ്റ് നേടി.
എന്നാല്‍ മറുപടി ബാറ്റിംഗിനെത്തിയ മധുരൈ പാന്തേഴ്സ് നിരയിലെ താരങ്ങള്‍ക്ക് മികച്ച തുടക്കം ലഭിച്ചുവെങ്കിലും അവ വലിയ സ്കോറിലേക്ക് മാറ്റുവാന്‍ ടീമിന് കഴിഞ്ഞില്ല. ഒന്നാം വിക്കറ്റില്‍ ടീം 50 റണ്‍സ് നേടിയെങ്കിലും അരുണ്‍ കാര്‍ത്തിക്കിനെ(24) നഷ്ടമായതിന് ശേഷം വന്ന താരങ്ങള്‍ക്ക് ലഭിച്ച തുടക്കം തുടരാനാകാതെ പോയത് വലിയ തിരിച്ചടിയായി മാറി ടീമിന്. ശരത്ത് രാജ്(26), ജഗദീഷന് കൗശിക്(17), അഭിഷേക് തന്‍വാര്‍(24), ആര് മിഥുന്(20) എന്നിവരുടെ ചെറുത്ത്നില്പിന്റെ ബലത്തില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ ടീം 152 റണ്‍സാണ് നേടിയത്.
സിലമ്പരസന് രണ്ടാം മത്സരത്തിലും നാല് വിക്കറ്റ് നേടിയപ്പോള്‍ രവിചന്ദ്രന്‍ അശ്വിന് മൂന്ന് വിക്കറ്റും നേടി വിജയികള്‍ക്കായി ബൗളിംഗ് മികവ് കണ്ടെത്തി.