തമിഴ്നാട് പ്രീമിയര്‍ ലീഗിന്റെ ഫൈനലില്‍ കടന്ന് ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്. ഇന്ന് നടന്ന രണ്ടാം ക്വാളിഫയറില്‍ നിലവിലെ ചാമ്പ്യന്മാരായ മധുരൈ പാന്തേഴ്സിനെ 45 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഡിണ്ടിഗല്‍ ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസിനെ ഫൈനലില്‍ നേരിടുവാനുള്ള യോഗ്യത നേടിയത്. ഹരി നിശാന്തും എന്‍ ജഗദീഷനും അര്‍ദ്ധ ശതകങ്ങളും എന്‍എസ് ചതുര്‍വേദും എം മുഹമ്മദും വെടിക്കെട്ട് പ്രകടനങ്ങള്‍ പുറത്തെടുത്തപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത ഡ്രാഗണ്‍സ് 6 വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ മധുരൈ പാന്തേഴ്സിന് 10 വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സ് മാത്രമേ നേടാനായുള്ളു.
ഹരി നിശാന്ത്(51), എന്‍ ജഗദീഷന്‍(50) എന്നിവരുടെ ഓപ്പണിംഗ് കൂട്ടുകെട്ട് 101 റണ്‍സ് നേടി 14.4 ഓവറില്‍ പുറത്തായപ്പോള്‍ 13 പന്തില്‍ നിന്ന് 35 റണ്‍സ് നേടിയ എന്‍എസ് ചതുര്‍വേദും 9 പന്തില്‍ നിന്ന് 32 റണ്‍സ് നേടിയ മുഹമ്മദും ആണ് മത്സരഗതിയെ മാറ്റി മറിച്ചത്.
മറുപടി ബാറ്റിംഗില്‍ 40 റണ്‍സ് നേടിയ ജഗദീഷന്‍ കൗശിക് ടോപ് സ്കോറര്‍ ആയപ്പോള്‍ ശരത്ത് രാജ് 32 റണ്‍സുമായി ഓപ്പണിംഗില്‍ തിളങ്ങി. മറ്റ് താരങ്ങളില്‍ ആര്‍ക്കും കാര്യമായ സ്കോറുകള്‍ നേടാനാകാതെ പോയപ്പോള്‍ 19.5 ഓവറില്‍ മധുരൈ ഓള്‍ഔട്ട് ആയി. ഡിണ്ടിഗലിന് വേണ്ടി രാമലിംഗം രോഹിത്, സിലമ്പരസന്‍ മൂന്നും മോഹന്‍ അഭിനവ് രണ്ട് വിക്കറ്റും നേടി.