ടി20 ലോകകപ്പ് യോഗ്യത പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം

Staff Reporter

2020ൽ നടക്കുന്ന ടി20 ലോകകപ്പിനുള്ള യോഗ്യത പോരാട്ടങ്ങൾക്ക് ഇന്ന് അബു ദാബിയിൽ തുടക്കമാവും. 2020 ഒക്ടോബറിൽ ഓസ്ട്രേലിയയിൽ വെച്ചാണ് ടി20 ലോകകപ്പ്. ഒക്ടോബർ 18 മുതൽ നവംബർ 2 വേറെ ദുബൈയിലും അബുദാബിയിലും വെച്ചാണ് മത്സരങ്ങൾ അരങ്ങേറുക.  14 ടീമുകളാണ് യോഗ്യത പോരാട്ടങ്ങൾക്ക് യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ എത്തിയത്. രണ്ടു ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങൾ നടക്കുന്നത്. സ്‌കോട്‌ലാൻഡും സിംഗപ്പൂരും തമ്മിലാണ് ടി20 ടൂർണമെന്റിലെ ആദ്യ മത്സരം.

ഗ്രൂപ്പ് എയിൽ സ്കോട്ലൻഡ്, നെതർലൻഡ്‌സ്‌, പപ്പു ന്യൂ ഗിനിയ, നമീബിയ, സിംഗപ്പൂർ, കെനിയ, ബെർമുഡ എന്നീ ടീമുകളും ഗ്രൂപ്പ് ബിയിൽ ആതിഥേയരായ യുണൈറ്റഡ് അറബ് എമിറേറ്റ്സ്, അയർലണ്ട്, ഒമാൻ,ഹോങ്കോങ്, കാനഡ, ജേഴ്സി, നൈജീരിയ എന്നീ ടീമുകളും ഏറ്റുമുട്ടും. ഈ 14 ടീമിൽ നിന്ന് 6 ടീമുകളാണ് ടി20 ലോകകപ്പിന്റെ ഫസ്റ്റ് റൗണ്ടിൽ ബംഗ്ലാദേശിനൊപ്പവും ശ്രീലങ്കക്കൊപ്പവും മത്സരിക്കുക.

ഈ ടീമുകൾ രണ്ടു ഗ്രൂപ്പുകളായി മത്സരിക്കുകയും ഗ്രൂപ്പിൽ ആദ്യമെത്തുന്ന രണ്ട് ടീമുകൾ ഓസ്ട്രേലിയ, പാകിസ്ഥാൻ, ഇന്ത്യ, ന്യൂസിലാൻഡ്, ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക, വെസ്റ്റിൻഡീസ്, അഫ്ഗാനിസ്ഥാൻ എന്നിവർക്കൊപ്പം സൂപ്പർ 12 സ്റ്റേജിലേക്ക് യോഗ്യത നേടുകയും ചെയ്യും.